യഷ് നായകനാകുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ടീസറിനെതിരെ ആം ആദ്മി പാർട്ടി കർണാടക സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകി. ടീസറിലെ ദൃശ്യങ്ങൾ അശ്ലീലമാണെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും ആരോപിച്ചാണ് നടപടി. എ എ പി വനിതാ വിഭാഗം നേതാക്കൾ സംസ്ഥാന വനിതാ കമ്മീഷൻ അധികൃതരെ നേരിട്ട് കണ്ട് പരാതി സമർപ്പിച്ചു. ടീസറിലെ അശ്ലീല ദൃശ്യങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തെ ദോഷകരമായി ബാധിക്കുമെന്നും, പ്രായപരിധി സംബന്ധിച്ച മുന്നറിയിപ്പുകളില്ലാതെ ഇത്തരം ദൃശ്യങ്ങൾ പുറത്തുവിട്ടത് കന്നഡ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും എ എ പി സംസ്ഥാന സെക്രട്ടറി ഉഷ മോഹൻ പരാതിയിൽ ചൂണ്ടിക്കാട്ടി. ടീസർ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യണമെന്നും നിരോധിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ കെ ജി എഫ് 2വിന് ശേഷം പുറത്തിറങ്ങുന്ന യഷിന്റെ ബിഗ് ബജറ്റ് ചിത്രമാണ്. ജനുവരി 8ന് യഷിന്റെ 40-ാം ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിലെ ‘രായ’ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ടീസർ പുറത്തിറങ്ങിയത്. ടീസർ പുറത്തുവന്നതിന് പിന്നാലെ സ്ത്രീകളെ വസ്തുവൽക്കരിക്കുന്നു എന്നാരോപിച്ച് സോഷ്യൽ മീഡിയയിലും ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാൽ മറ്റൊരു വിഭാഗം ചിത്രത്തെ അനുകൂലിക്കുന്നുമുണ്ട്. കെ വി എൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നയൻതാര, ഹുമ ഖുറേഷി, കിയാര അദ്വാനി, രുക്മിണി വസന്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മാർച്ച് 19നാണ് ചിത്രം റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്.

