ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) പരിധി 74 ശതമാനത്തില്‍ നിന്ന് 100% ആയി ഉയര്‍ത്തിയ ഭേദഗതി ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലയിലെ ട്രേഡ് യൂണിയനുകള്‍ക്ക് എഐടിയുസി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍— 2025 ദേശവിരുദ്ധവും ജനവിരുദ്ധവുമാണ്. ഇന്‍ഷുറന്‍സ് മേഖലയുടെ സമ്പദ്‍വ്യവസ്ഥയില്‍ പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ബില്‍ ഈ മേഖലയ്ക്ക് തിരിച്ചടിയാകും. ഇന്‍ഷുറന്‍സ് വിപണിയുല്പന്നമല്ല, സാമൂഹ്യ ആവശ്യകതയാണെന്നും ജനങ്ങളുടെ താല്പര്യങ്ങള്‍ക്കായി അത് സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും എഐടിയുസി ചൂണ്ടിക്കാട്ടി.
വിദേശ മൂലധനത്തിന് ഈ മേഖല തീറെഴുതുന്നത് സാമ്പത്തിക പരാജയവും രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ കഴിയാത്തതുമാണ്. അതിനാല്‍ ബില്‍ ഉടന്‍ പിന്‍വലിക്കണം. ഇന്‍ഷുറന്‍സ് മേഖലയുടെ തന്ത്രപരവും സാമൂഹ്യവുമായ പ്രാധാന്യം കണക്കിലെടുത്ത് പൊതുമേഖലാ ഇന്‍ഷുറന്‍സിനെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും നിലവിലെ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്യണമെന്നും എഐടിയുസി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. ബാങ്കുകളിലും ഇന്‍ഷുറന്‍സ് മേഖലയിലുമുള്ള യൂണിയനുകളുടെ പ്രക്ഷോഭ ആഹ്വാനത്തിന് പിന്തുണ നല്‍കണമെന്ന് മുഴുവന്‍ പ്രവര്‍ത്തകരോടും അണികളോടും ആഹ്വാനം ചെയ്യുന്നു. ദേശവിരുദ്ധ നയത്തിനെതിരെ ഒരുമിക്കാനും ഇന്‍ഷുറന്‍സ്, ബാങ്ക് ജീവനക്കാരുടെ തുടര്‍ച്ചയായ സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനും എല്ലാ ജനാധിപത്യ ശക്തികളോടും ദേശ സ്നേഹികളോടും അഭ്യര്‍ത്ഥിക്കുന്നു.
ആഗോള വിപണിയുടെ ആവശ്യങ്ങള്‍ക്ക് സാമ്പത്തികമായി കീഴടങ്ങുന്നതാണ് പുതിയ ഭേദഗതി. ഇന്‍ഷുറന്‍സിന്റെ സാമൂഹ്യവും വികസനപരവുമായ പങ്കില്‍ നിന്ന് പൂര്‍ണമായ വ്യതിചലനമാണിത്. ആഗോള ഭീമന്‍മാര്‍ക്ക് ലാഭം കൊയ്യുന്നതിനുള്ള വെറും വിപണി ഉല്പന്നമായി ഇന്‍ഷുറന്‍സ് മേഖലയെ ചുരുക്കുകയാണ്. ലാഭം പൂര്‍ണമായി തിരികെ കൊണ്ടുവരുന്ന നേരിട്ടുള്ള വിദേശ നിക്ഷേപം ദേശീയ സമ്പത്തിന്റെ ചോര്‍ച്ചയ‍്ക്ക് കാരണമാകുമെന്നും എഐടിയുസി മുന്നറിയിപ്പ് നല്‍കി.
ഇന്‍ഷുറന്‍സ് മേഖലയിലെ എഫ്ഡിഐയില്‍ നേരത്തെ ഉണ്ടായ വര്‍ധനവ് സ്വകാര്യ, വിദേശ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഗുണം ചെയ്തതല്ലാതെ മറ്റ് അനുകൂലമായ സാമ്പത്തിക ഫലങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല. സര്‍ക്കാര്‍ അവകാശവാദങ്ങള്‍ വ്യാജവും പൊള്ളത്തരവും ആണെന്ന് ഇത് വ്യക്തമാക്കുന്നു. സംരക്ഷണത്തെക്കാള്‍ ലാഭത്തിന് മുന്‍ഗണന നല്‍കുന്ന അന്താരാഷ്ട്ര ഇന്‍ഷുറന്‍സ് വിപണിയുടെ പൂര്‍ണ ഉടമസ്ഥതയ്ക്കെതിരെ മുന്നറിയിപ്പ് നല്‍കുന്ന മുന്‍ അനുഭവങ്ങളും എഐടിയുസി ഓര്‍മ്മിപ്പിച്ചു.

