വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് മോഷണം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷ്ടാവും തിരുവനന്തപുരം ജില്ലയിലെ കാപ്പ പ്രതിയുമായ നജ്മുദ്ദീനെ പൊലീസ് പിടികൂടി. ആദിക്കാട്ടുകുളങ്ങര സ്വദേശിയുടെ ബിരിയാണി കടയിൽ നിന്ന് പണവും മൊബൈൽ ഫോണും മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ മാസം 23ാം തീയതി കടയിൽ സെയിൽസ്മാനായി ജോലിക്ക് കയറിയ പ്രതി, ഉടമയുടെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം കൗണ്ടറിലെ മേശ തന്ത്രപൂർവ്വം തുറന്ന് 75,000 രൂപയും 30, 000 രൂപ വിലയുള്ള സാംസങ് ഫോണുമായി രക്ഷപ്പെടുകയായിരുന്നു. പരാതിയെ തുടർന്ന് നൂറനാട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതിയുടെ സ്വദേശമായ വിഴിഞ്ഞം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തിരുവനന്തപുരം ജില്ലയിൽ നിന്ന് നാടുകടത്തപ്പെട്ട കാപ്പ പ്രതിയാണെന്നും വിവിധ ജില്ലകളിലായി ഏഴോളം മോഷണക്കേസുകളിൽ പ്രതിയാണെന്നും വ്യക്തമായത്. തുടർന്ന് ഇന്ന്പുലർച്ചെ കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റാൻഡിൽ വെച്ച് പോലീസ് സംഘം പ്രതിയെ സാഹസികമായി കിഴ്പ്പെടുത്തുകയായിരുന്നു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്തർജില്ലാ മോഷ്ടാവ് പൊലീസിന്റെ പിടിയിൽ

