Site iconSite icon Janayugom Online

മിശ്രവിവാഹ പ്രോത്സാഹന പദ്ധതി; കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു

മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് രണ്ടരലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും മറാത്ത പത്രമായ ലോക്‌സത്ത റിപ്പോര്‍ട്ട് ചെയ്യുന്നു. ധനസഹായത്തിന് അപേക്ഷ നല്‍കിയ ദമ്പതികള്‍ക്ക് മഹാരാഷ്ട്ര സാമൂഹ്യനീതി വകുപ്പ് അയച്ച കത്തിലാണ് പദ്ധതി നിലവിലില്ലെന്ന അറിയിപ്പ് ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ പോലെ ജാതീയ വേര്‍തിരിവിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടുള്ള നാടാണ് മഹാരാഷ്ട്ര. ഇതരജാതിയില്‍ പെട്ടവരെ വിവാഹം കഴിച്ചാല്‍ സംസ്ഥാനം 50,000 രൂപയും ബാക്കി കേന്ദ്രസര്‍ക്കാരുമാണ് ധനസഹായം നല്‍കുന്നത്. സംസ്ഥാനം നല്‍കുന്നതിന്റെ ഇരട്ടിയിലധികം തുക കേന്ദ്രം നല്‍കുന്നതിനാലാണ് അപേക്ഷിച്ചതെന്ന് ചില ദമ്പതികള്‍ പറഞ്ഞു. അതേസമയം സംസ്ഥാന സഹായം ലഭിക്കും.

അംബേദ്ക്കറുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഡോ അംബേദ്ക്കര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം 2013‑ലാണ് ഈ ധനസഹായ പദ്ധതി ആരംഭിച്ചത്. സാമൂഹ്യഐക്യം പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ വര്‍ഷവും മിശ്രവിവാഹിതരായ 500 ദമ്പതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയായിരുന്നു പദ്ധതി ലക്ഷ്യം. ജാതി മാറി വിവാഹം കഴിക്കുന്നവര്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പലപ്പോഴും ഒറ്റപ്പെടുകയോ, അക്രമം നേരിടുകയോ, ആരുടെയും പിന്തുണയില്ലാതെ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസപ്പെടുകയും ചെയ്യും. ദുരഭിമാന കൊലപാതകങ്ങളിലേക്ക് വരെ നയിക്കുന്നു. ഇത്തരം വെല്ലുവിളികള്‍ നേരിടുന്നതിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കിവന്നിരുന്നത്. പദ്ധതി പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന സാമൂഹ്യനീതി വകുപ്പ് മന്ത്രി സഞ്ജയ് ശിര്‍സാത്തിന് നിവേദനം നല്‍കിയെങ്കിലും നിലവിലെ സ്ഥിതിയെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി. ഡോ അംബേദ്ക്കര്‍ ഫൗണ്ടേഷനില്‍ വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ ഫൗണ്ടേഷന്‍ വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ പദ്ധതി സംബന്ധിച്ച യാതൊരു വിവരവും വെബ്സൈറ്റിലില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൗരാവകാശ സംരക്ഷണ നിയമവും പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമം തടയല്‍) നിയമവും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് പദ്ധതികളുമായി മിശ്രവിവാഹിതര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി ലയിപ്പിച്ചതായി ബെഹന്‍ബോക്സ് എന്ന പോര്‍ട്ടല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ ജാതിവിവേചനം തടയാന്‍ ലക്ഷ്യമിട്ട പദ്ധതി മറ്റുള്ളവയുമായി ലയിപ്പിക്കുന്നത് യുക്തിരഹിതമാണെന്ന് ജാതിവിവേചനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനാ നേതാക്കള്‍ പറയുന്നു. 

Exit mobile version