Site iconSite icon Janayugom Online

രാജ്യാന്തര ജെൻഎഐ കോൺക്ലേവ് സമാപിച്ചു; സമഗ്ര എഐ നയം പ്രഖ്യാപിച്ച് കേരളം

രണ്ടുദിവസമായി കൊച്ചിയിൽ നടന്ന ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ( ജെൻഎ.ഐ) കോൺക്ലേവ് വിജയകരമായി സമാപിച്ചു. കേരളത്തിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതായിരുന്നു കോൺക്ലേവ് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. ലോകത്തെ എല്ലാ മേഖലകളിൽ നിന്നുള്ള എ ഐ വിദഗ്ധരെ കോൺക്ലേവിൽ കൊണ്ടുവരാനും യുവാക്കളെ കൂടുതലായി ആകർഷിക്കാനും കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. കോൺക്ലേവിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം 26 വയസ് ആണ്. കോൺക്ലേവിലൂടെ കേരളത്തിൻ്റെ ശക്തി ലോകത്തെ അറിയിക്കാൻ കഴിഞ്ഞുവെന്നും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താൻ കഴിയണമെന്നും മന്ത്രി പറഞ്ഞു. 

കെഎസ്ഐഡിസി സംഘടിപ്പിച്ച ദ്വിദിന ജെനറേറ്റീവ് എഐ കോണ്‍ക്ലേവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 2000 ഓളം പ്രതിനിധികളാണ് പങ്കെടുത്തത്. സംസ്ഥാനത്തിന്റെ വ്യവസായനയത്തില്‍ നിര്‍മ്മിത ബുദ്ധി മുന്‍ഗണനാവിഷയമാക്കി സംസ്ഥാന സര്‍ക്കാര്‍ സമഗ്ര എ ഐ നയം പ്രഖ്യാപിച്ചു. കോണ്‍ക്ലേവിന്റെ സമാപനസമ്മേളനത്തില്‍ മന്ത്രി പി രാജീവ് നയപ്രഖ്യാപനം നടത്തി. കേരളത്തിലെ എഐ ആവാസവ്യവസ്ഥയെക്കുറിച്ച് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അവതരണം നടത്തി.

ബഹിരാകാശ യാത്രികരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശ്രദ്ധയും സ്ഥിരോത്സാഹവും ആര്‍ജിക്കാന്‍ ലളിതജീവിതം അത്യാവശ്യമാണെന്ന് മുതിര്‍ന്ന അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത് പറഞ്ഞു. ജെന്‍ എഐ അന്താരാഷ്ട്ര കോണ്‍ക്ലേവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ബഹിരാകാശ യാത്രികനാകാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ശാസ്ത്രീയ മനോഭാവവും എഞ്ചിനീയറിംഗ് പരിജ്ഞാനവും അത്യന്താപേക്ഷിതമാണ്. അതിനൊപ്പം ആശയവിനിമയവും വ്യക്തിഗത ബന്ധങ്ങളും ഫലപ്രദമാക്കാനുള്ള കഴിവ് വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Inter­na­tion­al JNAI Con­clave con­cludes; Ker­ala Announces Com­pre­hen­sive AI Policy
You may also like this video

Exit mobile version