Site iconSite icon Janayugom Online

58 കോടി രൂപ തട്ടിയ ഡിജിറ്റല്‍ അറസ്റ്റിന് പിന്നില്‍ അന്താരാഷ്ട്ര ബന്ധം

രാജ്യത്ത് ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ ഡിജിറ്റൽ തട്ടിപ്പുകളിലൊന്നായ 58 കോടി രൂപയുടെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന് മഹാരാഷ്ട്ര സൈബർ വിഭാഗം . ചൈന, ഹോങ്കോങ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന അന്തർദേശീയ സൈബർ ശൃംഖലയുടെ പങ്ക് അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. മുംബൈയിലെ ഒരു വ്യവസായിയെ ലക്ഷ്യമിട്ടാണ് തട്ടിപ്പ് നടന്നത്. അന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥരാണെന്ന് നടിച്ച് അദ്ദേഹവുമായി ബന്ധപ്പെട്ട സംഘം ഓഗസ്റ്റ് 19 മുതൽ ഒക്ടോബർ 8 വരെ ഇയാളെ ഡിജിറ്റല്‍ തടവിലാക്കി. 

സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(സിബിഐ) ‚എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് തട്ടിപ്പുകാർ വീഡിയോ കോൾ മുഖേന ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നുള്ള പണം വിവിധ ഇടങ്ങളിലേക്ക് മാറ്റുകയും ചെയ്തെന്നാണ് റിപ്പോർട്ട്. തുടർന്ന് തട്ടിപ്പുകാർ പണം ക്രിപ്റ്റോകറൻസിയാക്കി വിദേശ അക്കൗണ്ടുകളിലേക്ക് മാറ്റിയതായും കണ്ടെത്തി. ഇതോടെ പണം ട്രാക്ക് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായെന്ന് അന്വേഷണ സംഘം പറയുന്നു. 

മഹാരാഷ്ട്ര സൈബർ ഡിപ്പാർട്ട്മെന്റിന്റെ അന്വേഷണത്തിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സംഘത്തിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. അധികൃതരുടെ കണക്കുപ്രകാരം ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകൾ മൂലം ഇന്ത്യയിലുടനീളം 2,000 കോടിയിലധികം പണം നഷ്ടമായിരിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൈബര്‍ സുരക്ഷയ്ക്കും സൈബര്‍ അന്വേഷണത്തിനുമുള്ള സംസ്ഥാനത്തിന്റെ നോഡല്‍ ഏജന്‍സിയാണ് മഹാരാഷ്ട്ര സൈബര്‍. 

Exit mobile version