ജൂൺ 14 ലോക രക്തദാത ദിനമാണ്. ശരീരത്തിന് രക്തം എത്രമേൽ അത്യാവശ്യമോ, അത്രമേൽ മനുഷ്യന് അവിഭാജ്യഘടകമായി മാറിയ ഒന്നേയുള്ളൂ ഊർജം. വെളിച്ചം, ഗതാഗതം, ആശയവിനിമയം, ചികിത്സ, വിദ്യാഭ്യാസം, അങ്ങനെ ഊർജം ആവശ്യമില്ലാത്ത ഒന്നും തന്നെയില്ല. നമ്മൾ ഉല്പാദിപ്പിക്കുന്ന വിദ്യുച്ഛക്തിയിൽ ഏറിയ പങ്കും കൽക്കരിയിൽ നിന്നാണ് എടുക്കുന്നത്. ഇന്ത്യയിലെ കൽക്കരിപ്പാടങ്ങൾ പലതും ഉല്പാദനം നിര്‍ത്തിക്കഴിഞ്ഞു. അഞ്ഞൂറോളം കൽക്കരിപ്പാടങ്ങൾ ലേലത്തിനും വച്ചു എന്നാണ് വാർത്ത. കൽക്കരിയിൽ നിന്നെടുക്കുന്ന വിദ്യുച്ഛക്തി ആഗോളതാപനത്തിനു കാരണമാകുമെന്നത് മറ്റൊരു കാര്യം. 2021ൽ വിദ്യുച്ഛക്തിയുടെ ആവശ്യകത 1000 ടെറാ വാട്ട്സ് അവർ ആയി എന്നാണ് ആഗോള ഊർജ അവലോകന റിപ്പോർട്ടിൽ (ഗ്ലോബല്‍ എനര്‍ജി റിവ്യു, 2021) പറയുന്നത്. മുൻ വർഷത്തേക്കാളും 4.5 ശതമാനം കൂടുതലാണിത്. ഒരു ടെറാ വാട്ട്സ് എന്നാൽ, ഒന്ന് കഴിഞ്ഞു 15 പൂജ്യം ഇടണം. അതായത്, പതിനായിരം ലക്ഷം കോടി. അങ്ങനെ, 1000 ടെറാ വാട്ട്സ്! അത്രയും വാട്ട്സ് ഊർജമാണ് ആഗോളതലത്തിൽ ഒരു വര്‍ഷം നാമെല്ലാവരും കൂടി ഉപയോഗിക്കുന്നത്. ഫേസ്ബുക്കിന് അമേരിക്കയിലെ പ്രൈൻവിൽ എന്ന സ്ഥലത്ത് ഒരു ഡാറ്റാ സെന്റർ ഉണ്ട്. ഏകദേശം 92 ഏക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന സ്ഥാപനമാണിത്. ഇവിടെ 2020 ‑ൽ മാത്രം ഉപയോഗിച്ച വൈദ്യുതി എന്നത് 7.17 ദശലക്ഷം മെഗാവാട്ട് അവർ ആണെന്ന് ഫേസ്ബുക്ക് പറയുന്നു. ഇത്രയും വൈദ്യുതിയെന്നാൽ, അമേരിക്കയിലെ ഏകദേശം 6000 വീടുകൾക്ക് വേണ്ടി വരുന്ന വൈദ്യുതിയ്ക്കു തുല്യമാണ്. ആവശ്യക്കാർ ഏറി വരുന്നത് കൊണ്ട് ഇത്തരം ഒമ്പത് സെർവറുകൾ കൂടി ഉണ്ടാക്കാൻ ഫേസ്ബുക്ക് ആലോചിക്കുന്നുമുണ്ടത്രെ! അതിന്, ഇനിയും 4.6 ദശലക്ഷം ചതുരശ്രയടി ഭൂമിയും കൂടി വേണ്ടിവരും! ഇത്രയും ഊർജം ഉപയോഗിക്കുമ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ചൂടു പിടിക്കാതിരിക്കാൻ ഡാറ്റാ സെന്ററുകളോട് ചേർന്ന് കൂളിങ് സെന്ററുകളുമുണ്ട്. ഫേസ്ബുക്കിന്റെ ഡാറ്റാ സെന്ററുകൾ തണുപ്പിക്കാൻ ഒരു വര്‍ഷം 550 ഏക്കർ അടി വെള്ളം വേണമെന്നാണ് ഏകദേശ കണക്ക്. ഒരു ഏക്കർ ഭൂമി ഒരു അടി പൊക്കത്തിൽ നിറയ്ക്കാൻ എത്ര വെള്ളം വേണമെന്ന കണക്കാണിത്. ഇത്, ഏകദേശം 3,26,000 ഗാലൻ വെള്ളം വരും. രണ്ടാം ഘട്ടത്തിൽ 1,100 ഏക്കർ അടി വെള്ളം, മൂന്നാം ഘട്ടത്തിൽ 1,400 ഏക്കർ അടി വെള്ളം എന്നിങ്ങനെ വെള്ളത്തിന്റെ ആവശ്യം ഉയരുമെന്നും അവർ സമ്മതിക്കുന്നു. ലോകത്ത് 785 മില്യൻ ആളുകൾക്ക് കുടിവെള്ളമില്ല; 144 ദശലക്ഷം ആളുകൾ, മലിനജലം കുടിച്ചാണ് ജീവിക്കുന്നത് എന്നീ കണക്കുകൾ അറിയുമ്പോഴാണ് ഈ ഡാറ്റാ സെന്ററുകളുടെ ഉപഭോഗം എത്ര പരിസ്ഥിതി വിരുദ്ധമാണെന്ന് മനസിലാക്കുന്നത്. ഇത് ഫേസ്ബുക്കിന്റെ മാത്രം ഊർജ ഉപഭോഗ കണക്കാണ്.
ഇതുകൂടി വായിക്കാം; ഇന്റര്‍നെറ്റിലെ നീല വിഷവലകൾ
വാട്സ്ആപ്പ്, ടെലിഗ്രാം, ട്വിറ്റർ എന്നിങ്ങനെ എല്ലാ സമൂഹമാധ്യമങ്ങളും കൂടി ഉപയോഗിച്ച് തീർക്കുന്ന ഊർജം, വെള്ളം, ഡാറ്റാ സെന്ററുകൾക്കായി ഏറ്റെടുക്കുന്ന ഭൂമി എന്നിവ കണക്കാക്കിയാൽ വളരെ ഭയാനകമായ രീതിയിലുള്ള പ്രകൃതിവിഭവ ചൂഷണമാണ് നടക്കുന്നത്. അവധിക്കാലത്ത് എടുത്ത ഒരു കുടുംബ ചിത്രം, ഉച്ചയ്ക്കുണ്ടാക്കിയ ഒരു കറി, സ്വന്തം സെൽഫി, എന്നിങ്ങനെ നൂറായിരം ചിത്രങ്ങളും വിവരങ്ങളുമാണ് നാമോരോരുത്തരും ദിവസേനയെന്നോണം അപ് ലോഡ് ചെയ്യുന്നത്. ഇതെല്ലാം ലോകത്തെ ഏതെങ്കിലും സെർവറുകളിൽ ശേഖരിച്ച് വയ്ക്കുന്നു. നാം ആവശ്യപ്പെടുമ്പോൾ ഇവ തിരഞ്ഞ് തിരികെ നമ്മുടെ കൈകളിലെത്തിക്കുന്നത് ലക്ഷക്കണക്കിന് ഉള്ള ഇത്തരം സെർവറുകളാണ്. പതിനായിരക്കണക്കിന് സെർക്യൂട്ട് ബോർഡുകൾ അട്ടിയട്ടിയായി, ജനലുകളില്ലാത്ത നീണ്ട ഇടനാഴികളിൽ നിരത്തി വച്ചിരിക്കുന്ന ഡാറ്റാ സെന്ററുകൾ. ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്കു പോകാൻ ജീവനക്കാർ ഇരു ചക്രവാഹനമാണുപയോഗിക്കുന്നതെന്നു പറഞ്ഞാൽ അതിന്റെ നീളം ഊഹിക്കാമല്ലോ. വിവര വിനിമയ ബിസിനസ് സാമ്രാജ്യം ഭരിക്കുന്ന മുതലാളിമാർ നിരവധിയാണ്. ആപ്പിൾ, ആമസോൺ, ആൽഫബെറ്റ്, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് തുടങ്ങിയവയുടെ ഡാറ്റാ സെന്ററുകൾ ഇപ്പോൾ തന്നെ 200 ടെറാ വാട്സ് അവർ വൈദ്യുതി ഓരോ കൊല്ലവും ഉപയോഗിക്കുന്നുണ്ട്. ഇന്ന് ജനിക്കുന്ന ഒരു കുട്ടി 18 വയസ് തികയുമ്പോഴേയ്ക്ക് ആകെ ഉല്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 20 ശതമാനവും വിവര വിനിമയരംഗത്തുള്ള മൊബൈൽ ഫോണുകൾ, ഇന്റർനെറ്റ് എന്നിവ കയ്യടക്കുമെന്നാണ് പ്രവചനം. ബാക്കിയുള്ള വൈദ്യുതിയേ മറ്റാവശ്യങ്ങൾക്ക് കിട്ടുകയുള്ളൂ എന്നർത്ഥം. ഇവരെല്ലാവരും കൂടി ഉപയോഗിച്ച് തീർക്കുന്ന വൈദ്യുതി ഒരു വലിയ ഊർജ പ്രതിസന്ധിയിലേക്ക് നമ്മെ കൊണ്ടു പോയേക്കാം. ഇന്റർനെറ്റ്, ടെലിവിഷൻ, കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ… നമ്മൾ ഉപയോഗിക്കുന്ന ഈ സൗകര്യങ്ങൾ ഒക്കെയും ഊർജം വിഴുങ്ങി ഇല്ലാതെയാക്കുന്ന വിദ്യകളാണ്. ഇവ വൻതോതിൽ കാർബൺ ബഹിർഗമനത്തിനും ആഗോളതാപനത്തിനും കാരണമാകുന്നുണ്ട്. ലോകമാകമാനമുള്ള വിമാനങ്ങൾ പുറത്തുവിടുന്ന കാർബണിന് തുല്യമായ അളവാണ് വിവരസാങ്കേതിക വിദ്യയുപയോഗിക്കുന്നതിലൂടെ പുറംതള്ളുന്നത്. അതുകൊണ്ട് ഓണത്തിനും വിഷുവിനും പെരുന്നാളിനും ക്രിസ്‌മസിനുമൊക്കെ ആശംസകൾ അയക്കുമ്പോൾ ഇനി ഓർക്കുക. നമ്മെ കാത്തിരിക്കുന്നത് അന്ധകാരത്തിന്റെ നാളുകളാണ്. മെസേജുകൾ അത്യാവശ്യത്തിനു ഫോർവേഡ് ചെയ്താൽ മതി. ഓണത്തിനും മറ്റു ആഘോഷങ്ങൾക്കും ചിത്രങ്ങൾ അടങ്ങിയ മെസേജുകൾ കഴിയുന്നതും ഒഴിവാക്കുക. രാവിലെ ഒരു ഗുഡ് മോണിങ്, ഉച്ചയ്ക്ക് ശേഷം ഒരു ഗുഡ് ആഫ്റ്റർ നൂൺ, രാത്രി ഒരു ഗുഡ് നൈറ്റ് ഇതൊന്നും ഇല്ലെങ്കിലും നേരം പുലരുകയും രാത്രി വരികയും ചെയ്യും.