4 December 2024, Wednesday
KSFE Galaxy Chits Banner 2

ഇന്റര്‍നെറ്റിലെ നീല വിഷവലകൾ

കുരീപ്പുഴ ശ്രീകുമാര്‍
വര്‍ത്തമാനം
October 14, 2021 5:50 am

ൺപതുകളുടെ തുടക്കത്തിലാണ്. കൊല്ലത്തെ ഒരു യുവാവ് പലചരക്ക് കടയിൽ നിന്നും കാൽകിലോ മുളകു വാങ്ങി വീട്ടിൽ കൊണ്ടുപോയി. മുളക് എടുത്ത ശേഷം അമ്മ അടുക്കളയിലുപേക്ഷിച്ച കവർ അയാളെടുത്ത് കൗതുകത്തിനു വായിക്കുന്നു. അന്നൊക്കെ കൂടുകളുണ്ടാക്കുന്നത് അച്ചടിച്ച പഴയ കടലാസുകൾ പശ വച്ച് ഒട്ടിച്ചായിരുന്നു. പല പാവപ്പെട്ട കുടുംബങ്ങൾക്കും കവർ ഉണ്ടാക്കിവിൽക്കുന്നത് ഒരു ജീവനോപാധി ആയിരുന്നു. വായിച്ചു നോക്കിയപ്പോൾ അച്ചടിച്ച ഒരു തെറിക്കടലാസാണ് കൂടുണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. അക്ഷരങ്ങൾ മുഖം പൊത്തുന്ന തുറന്ന ലൈംഗിക രംഗങ്ങൾ അച്ചടിച്ചിരിക്കുന്നു. വീട്ടിൽ പ്രായപൂർത്തിയായ സഹോദരിയുണ്ട്. ആ കുട്ടിയുടെ കണ്ണിൽ ഈ കടലാസ് പെട്ടിരുന്നെങ്കിലോ? യുവാവ് വേദനയോടെ മറ്റു കൂട്ടുകാരോട് വിവരം പറഞ്ഞു. അവർ കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് ഒരു കാൽനട ജാഥ നടത്താൻ തീരുമാനിച്ചു.

 


ഇതുകൂടി വായിക്കൂ: ഇന്റര്‍നെറ്റ് അവബോധം വളര്‍ത്താൻ ഇ‑കേരളം പദ്ധതി


 

ഭരണാധികാരികളുടെ ശ്രദ്ധയിൽ അശ്ലീലപ്രസിദ്ധീകരണങ്ങളുടെ കാര്യമെത്തിക്കുകയും ജനങ്ങളെ ബോധവൽക്കരിക്കുകയും വേണം. പന്ത്രണ്ടു ചെറുപ്പക്കാർ. കാവനാട്ടുവച്ച് ലൈംഗിക പ്രസിദ്ധീകരണങ്ങൾ കത്തിച്ചുകൊണ്ടായിരുന്നു തുടക്കം. ആദ്യത്തെ കൊള്ളിയുരച്ചത് ഞാനായിരുന്നു. സൈക്കിളിൽ മൈക്ക് വച്ചുകെട്ടി അവർ നടന്നു. വഴിയോരക്കടകളിൽ നിന്നും ആഭാസപ്രസിദ്ധീകരണങ്ങൾ പിടിച്ചെടുത്തു. നടുറോഡിലിട്ടു കത്തിച്ചു. ജനങ്ങളുടെ വലിയ സഹകരണം അവർക്ക് ലഭിച്ചു. കൊല്ലം കോടതിയിലും കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലും അവർക്ക് വിശദീകരണം നൽകേണ്ടിവന്നു. തിരുവനന്തപുരത്തെത്തിയ ജാഥാംഗങ്ങൾ ഭരണസിരാകേന്ദ്രത്തിന്റെ മുന്നിലിട്ട് ആഭാസപ്രസിദ്ധീകരണങ്ങൾ കത്തിച്ചു. കൊച്ചുസീത, സ്റ്റണ്ട്, അതിരസം, രസവന്തി തുടങ്ങിയ സചിത്ര രതികേളീ പ്രസിദ്ധീകരണങ്ങൾ. കുറച്ചു കോപ്പികൾ അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ ഏൽപ്പിച്ചിട്ട് ഈ പ്രസിദ്ധീകരണങ്ങൾ സമൂഹത്തിലുണ്ടാക്കിയേക്കാവുന്ന അപകടത്തെക്കുറിച്ച് പറഞ്ഞു. അടുത്ത ദിവസങ്ങളിൽ ഇത്തരം പ്രസിദ്ധീകരണങ്ങളുടെ പ്രസാധകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വായിച്ചവരെയും കത്തിച്ചവരെയുമല്ല, പ്രസാധകരെയാണ് ജയിലിലടച്ചത്.

മലയാളത്തിലെ പൈങ്കിളിസാഹിത്യമെല്ലാം ചാനൽ ചില്ലകളിൽ ചേക്കേറിയതുപോലെ ഈ രതിപ്രതലങ്ങളെല്ലാം ഇപ്പോൾ ഇന്റർനെറ്റിലുണ്ട്. പേരുകൾ വേറെയാണെന്ന് മാത്രം. മലയാളത്തിലെ ഇത്തരം പ്രസിദ്ധീകരണങ്ങൾക്ക് പരിമിതി ഉണ്ടായിരുന്നെങ്കിൽ ദൃശ്യ ലൈംഗികതയുടെ ലോകമാണ് തിയേറ്റർ. മൊബൈൽ ഫോണിൽ നെറ്റ് ലഭ്യമാകുമെന്നായതോടെ ആർക്കും ഈ പോർണോടാക്കീസിലെത്താം. വിദ്യാർത്ഥികൾക്ക് പഠനത്തിന് നെറ്റ് സൗകര്യമുള്ള ഫോണുകൾ ആവശ്യമായതിനാൽ അവർക്കും ഇത് പ്രാപ്യമാണ്. അത്യന്തം അപകടകരമായ ഒരു സ്ഥിതിവിശേഷമാണിത്. ചില രാജ്യങ്ങളിൽ നെറ്റിലൂടെ നീലച്ചിത്രങ്ങൾ ലഭ്യമാക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിരോധനം ഫലപ്രദമായിട്ടില്ല.

ലൈംഗിക കുറ്റകൃത്യങ്ങൾ അധികമില്ലാത്ത പാശ്ചാത്യ രാജ്യങ്ങളിൽ ഇതൊക്കെ സുലഭമാണെന്ന് മാത്രമല്ല, പ്രസിദ്ധരായ ലൈംഗികചലചിത്ര താരങ്ങൾ പോലുമുണ്ട്. കുട്ടികൾ ഇതിലേക്ക് ആകർഷിക്കപ്പെടുന്നത് അവരിലെ കുറ്റവാസന കൊണ്ടല്ല. പ്രായപൂർത്തിയാകുമ്പോൾ അവരിലുണ്ടാകുന്ന ശാരീരിക വ്യതിയാനം കൊണ്ടാണ്. ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസമാണ് ഏക പരിഹാരമാർഗം. പുരുഷന്റെ ലൈംഗികാതിക്രമങ്ങളെ ഭയന്ന് അടിമുടി മറച്ചുനടക്കുന്നവരുള്ള രാജ്യങ്ങളെ അപേക്ഷിച്ച് അല്പവസ്ത്രധാരികളുടെ നാടുകളിൽ ലൈംഗികാതിക്രമങ്ങൾ കുറഞ്ഞിരിക്കുന്നത് ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാണ്. നമുക്കും അതാവശ്യമാണ്. ആയിരക്കണക്കിനു പോൺ സൈറ്റുകളാണ് നെറ്റിലുള്ളത്. ആഗ്രഹങ്ങളുള്ള മനുഷ്യനിൽ നിന്നും ഇവയെ അകറ്റിനിർത്താൻ കുട്ടിക്കാലത്ത് നൽകുന്ന ശാസ്ത്രീയ വിദ്യാഭ്യാസത്തിനു മാത്രമേ കഴിയൂ.

 


ഇതുകൂടി വായിക്കൂ: ഗെയിമിങ് ഡിസോഡറില്‍ രണ്ടാം സ്ഥാനത്ത്; ഇന്ത്യന്‍ ബാല്യകൗമാരങ്ങൾ ഇതെങ്ങോട്ട്?


 

എല്ലാവിധ ലൈംഗികക്രിയകൾക്കും ഇടമുള്ള പുരാണങ്ങളെ പൂജിക്കുന്ന മതങ്ങൾക്ക് നെറ്റിലെ രതിക്രിയാസ്വാദനത്തിൽ ഇടപെടാനേ കഴിയില്ല. മതസ്ഥാപനങ്ങളിലുള്ള പല ആചാര്യന്മാരും ലൈംഗികാതിക്രമങ്ങളിൽ പ്രതികളുമാണല്ലോ. മറ്റു ചില ലൈംഗികപ്രശ്നങ്ങളും സമൂഹത്തിലുണ്ട്. അത് വാർധക്യത്തിൽ എത്തിയവരുടെയും വൈധവ്യം അനുഭവിക്കുന്നവരുടെയും മൂന്നാം ലിംഗക്കാരുടെയും മറ്റും പ്രശ്നങ്ങളാണ്. ഇന്ത്യക്കു പുറത്തുള്ള ലോകം ശാസ്ത്രീയമായിത്തന്നെ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. നൊബേൽ സമ്മാന ജേതാവായ യസുനാരി കവാബത്തയുടെ ‘ഉറങ്ങുന്ന സുന്ദരിമാരുടെ വീട്’ എന്ന നോവൽ വൃദ്ധലൈംഗികത ചർച്ച ചെയ്യുന്നതാണ്.

ഇന്റർനെറ്റിലെ നീല വിഷവലകൾ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പലപ്പോഴും പ്രേരണയാകുന്നുണ്ട്. കുറ്റകൃത്യങ്ങളുടെ പ്രലോഭനങ്ങളിൽ നിന്ന് മോചിതരാകാനും ചിലപ്പോഴിത് കാരണമാകുമെന്ന് നെറ്റിൽ തന്നെയുള്ള ചർച്ചകൾ പറയുന്നുണ്ട്. പോൺ അടിമകളുടെ തലച്ചോറിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും സമഗ്രമായ പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തായാലും കുട്ടികളിലേക്ക് ഈ സൗകര്യം എത്തിക്കുന്നത് വളരെയധികം അപകടകരമായ കാര്യമാണ്. പഠനത്തിൽ അവർ പിന്നോട്ടു പോകുമെന്ന് മാത്രമല്ല പലതരം മാനസികപ്രശ്നങ്ങളിലും അവരെത്തുമെന്ന് അന്താരാഷ്ട്ര തലത്തിലുള്ള പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് ഈ പ്രലോഭനത്തിൽ നിന്നും കൗമാരമനസുകളെ രക്ഷിക്കാനുള്ള പാഠ്യപദ്ധതിയെക്കുറിച്ച് ആലോചിക്കാൻ സമയമായി.

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.