പ്രശ്നബാധിത പ്രദേശങ്ങളിലെ ഇൻറർനെറ്റ് നിരോധനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി മണിപ്പൂർ സർക്കാർ. നിലവിലുള്ള ക്രമസമാധാന കണക്കിലെടുത്ത് പ്രശ്ന ബാധിതമായ 7 ജില്ലകളിലെ മൊബൈൽ ഇൻറർനെറ്റ്,ഡാറ്റാ സേവനങ്ങൾ താല്ക്കാലികമായി നിർത്തിവച്ചത് രണ്ട് ദിവസത്തേക്ക് കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചതായി ആഭ്യന്തര വകുപ്പ് ക്മമീഷണർ എൻ അശോക് കുമാർ ഉത്തരവിലൂടെ പറഞ്ഞു. ഇന്ന് വൈകിട്ട് 5.15 മുതൽ ബുധനാഴ്ച വൈകിട്ട് 5.15 വരയാണ് നീട്ടിയിരിക്കുന്നത്. താഴ്വരകളും കുന്നുകളും ഉൾപ്പെടുന്ന 7 ജില്ലകൾ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്പി, ചുരാചന്ദ്പൂർ എന്നിവയാണ്.
ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്കിംഗ് എന്നീ അഞ്ച് ജില്ലകളിലും അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.അതിനിടെ, ഞായറാഴ്ച രാത്രി ജിരിബാം ജില്ലയിൽ കെ.അതൗബ (21) എന്ന യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മണിപ്പൂർ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ അവരുടെ കാമ്പസിൽ വൻ പ്രതിഷേധം നടത്തുകയും ഗവർണർ ലക്ഷ്മൺ പ്രസാദ് ആചാര്യയുടെയും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിൻ്റെയും കോലം കത്തിക്കുകയും ചെയ്തു.