അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ്, ടെലികോം സേവനങ്ങൾ രാജ്യവ്യാപകമായി വിച്ഛേദിച്ചു. ഇന്റർനെറ്റ് നിരീക്ഷണ സ്ഥാപനമായ നെറ്റ്ബ്ലോക്ക്‌സിന്റെ റിപ്പോർട്ട് പ്രകാരം, തിങ്കളാഴ്ച കണക്റ്റിവിറ്റി സാധാരണ നിലയുടെ ഒരു ശതമാനത്തിൽ താഴെയായിരുന്നു. ഇത് പൂർണമായ ബ്ലാക്ക്‌ഔട്ട് ആണെന്നാണ് വിലയിരുത്തൽ. ലക്ഷക്കണക്കിന് അഫ്ഗാൻ ജനതയാണ് ഇതോടെ ഓൺലൈൻ സേവനങ്ങളിൽ നിന്നും മൊബൈൽ നെറ്റ്‌വർക്കുകളിൽ നിന്നും ഒറ്റപ്പെട്ടത്. രാജ്യവ്യാപകമായ ഈ ബ്ലാക്ക്‌ഔട്ടിന് മുന്നോടിയായി ആഴ്ചകളോളം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
സെപ്റ്റംബറിൽ താലിബാൻ അധികൃതർ പല പ്രവിശ്യകളിലും ഇന്റർനെറ്റ് വേഗത കുറച്ചു. തുടർന്ന് അതിവേഗ കണക്ഷനുകൾ പൂർണമായി വിച്ഛേദിച്ചു.
ഓൺലൈൻ വിദ്യാഭ്യാസം, വാണിജ്യം, ബാങ്കിങ് സംവിധാനം എന്നിവയ്ക്കായി ആളുകൾ ആശ്രയിക്കുന്ന ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് വിച്ഛേദിക്കുന്നത് എല്ലാ മേഖലകളിലെയും ജീവിതത്തെ പ്രതികൂലമായി ബാധിക്കും,” മുൻ വിദ്യാഭ്യാസ മന്ത്രി സയ്യിദ് അഹ്മദ് ഷാ സദാത്ത് പറഞ്ഞു.
താലിബാന് ബദൽ ഇന്റർനെറ്റ് സംവിധാനമില്ലാത്തതിനാൽ രാജ്യം ‘ഇരുട്ടിലേക്കാണ്’ നീങ്ങുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്റർനെറ്റ് വിച്ഛേദിച്ചത് ഏറ്റവും കൂടുതൽ ബാധിക്കുക പെൺകുട്ടികളെയും സ്ത്രീകളെയും ആണ്. സ്‌കൂളുകളിലും സർവകലാശാലകളിലും പ്രവേശനം നിഷേധിക്കപ്പെട്ടതോടെ ഓൺലൈൻ പഠനത്തെ ആശ്രയിച്ചാണ് ഇവർ വിദ്യാഭ്യാസം തുടർന്നിരുന്നത്. നിലവിലെ സാഹചര്യത്തിൽ അവരുടെ വിദ്യാഭ്യാസം പൂർണ്ണമായും നിലയ്ക്കാൻ സാധ്യതയുണ്ട്. വ്യാപകമായ ബ്ലാക്ക്‌ഔട്ട് രാജ്യാന്തര മനുഷ്യാവകാശ സംഘടനകളെ ആശങ്കപ്പെടുത്തുന്നുണ്ട്.

