Site iconSite icon Janayugom Online

ഇന്റര്‍നെറ്റ് ഉപയോഗവും നിയന്ത്രിക്കും: കേന്ദ്ര സര്‍ക്കാരിന് പ്രത്യേക അധികാരം നല്‍കുന്ന മൂന്ന് പുതിയ നിയമങ്ങള്‍കൂടി വരുന്നു

വാര്‍ത്താ ഉള്ളടക്കങ്ങള്‍, അപകടകരമായ രഹസ്യ സ്വഭാവമുള്ള ആശയങ്ങള്‍ എന്നിവ സെൻസര്‍ ചെയ്യാനും ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാനും ആശയവിനിമയം തടസപ്പെടുത്താനും കേന്ദ്ര സര്‍ക്കാരിന് പ്രത്യേക അധികാരം നല്‍കുന്ന മൂന്ന് പുതിയ നിയമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ടെലി കമ്മ്യൂണിക്കേഷൻസ് ബില്‍ 2023, ബ്രോഡ്കാസ്റ്റിങ് സര്‍വീസ്(നിയന്ത്രണ) കരട് ബില്‍ 2023, സ്വകാര്യ ഡിജിറ്റല്‍ രേഖ സംരക്ഷണ നിയമം 2023 എന്നിവയാണ് കേന്ദ്ര സര്‍ക്കാരിന് അനിയന്ത്രിത അധികാരങ്ങള്‍ നല്‍കുന്നത്.
ഈ മാസം 20നാണ് ലോക്‌സഭ ടെലികോം ബില്‍ പാസാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ രാജ്യസഭയും ബില്‍ പാസാക്കി. രാഷ്ട്രപതിയുടെ അനുമതി കൂടി ലഭിക്കുന്നതോടെ ബില്‍ നിയമമാകും. 

വാര്‍ത്ത ഉള്‍പ്പെടെയുള്ള ഓണ്‍ലൈൻ ഉള്ളടക്കങ്ങളുടെ നിയന്ത്രണം ലക്ഷ്യമിട്ടുള്ളതാണ് ബില്‍. എന്നാല്‍ ശിക്ഷ, നിരോധനം, അന്വേഷണം, സെൻസര്‍ഷിപ് എന്നിവയെക്കുറിച്ച് നിയമം വ്യക്തമാക്കുന്നില്ലെന്ന് ദി ക്വിന്റ് സിഇഒ റിതു കപൂര്‍ പറഞ്ഞു. രാജ്യത്തെ ബ്രോഡ്കാസ്റ്റര്‍മാര്‍, ബ്രോഡ്കാസ്റ്റിങ് നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ സ്വയം നിയന്ത്രണ സംവിധാനത്തിനായി കണ്ടന്റ് ഇവാലുവേഷൻ കമ്മിറ്റി അഥവാ ഉള്ളടക്ക വിലയിരുത്തല്‍ സമിതി(സിഇസി)കള്‍ ആരംഭിക്കണമെന്ന് കരട് ബില്ലില്‍ പറഞ്ഞിരുന്നു. സിഇസി അംഗീകൃത പരിപാടികള്‍ മാത്രമേ സംരക്ഷണം ചെയ്യാൻ പാടുള്ളൂ എന്ന ചട്ടം വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും റിതു കപൂര്‍ അഭിപ്രായപ്പെട്ടു.
മാധ്യമപ്രവര്‍ത്തകരും കണ്ടന്റ് ക്രിയേറ്റര്‍മാരും തമ്മിലുള്ള വ്യത്യാസം പോലും പരിശോധിക്കാതെയാണ് പുതിയ നിയമം നിര്‍മ്മിക്കുന്നതെന്നും അഭിപ്രായങ്ങളുയര്‍ന്നു.

ബ്രോഡ്കാസ്റ്റിങ് ബില്ലില്‍ വാര്‍ത്താ ചാനലുകള്‍ക്കുള്ള അതേ നിയന്ത്രണം തന്നെ ഹാസ്യതാരങ്ങള്‍, ഇൻസ്റ്റഗ്രാം മിം പേജുകള്‍, വാട്സ്ആപ്പ് കമ്മ്യൂണിറ്റികള്‍ എന്നിവരും നേരിടേണ്ടിവരുമെന്നതാണ് മറ്റൊരു പ്രത്യേകതയെന്ന് ഡിജിറ്റല്‍ ന്യൂസ് കണ്ടന്റ് ക്രിയേറ്ററായ മേഘ്നാദ് പറഞ്ഞു. നിയമം സര്‍ക്കാരിനെതിരെ സംസാരിക്കുന്നവര്‍ക്കെതിരായി ഉപയോഗിക്കപ്പെടാമെന്ന് ദി മൂക്‌നായക് വെബ്സൈറ്റിന്റെ സ്ഥാപക മീന കൊത്‌വാല്‍ അഭിപ്രായപ്പട്ടു. എല്ലാം സര്‍ക്കാരിന്റ കൈകളിലാണ് എന്നതിനാല്‍ അവര്‍ക്കു തന്നെ ശരിയും തെറ്റും ഏതെന്ന് തിരിച്ചറിയാം. പല മന്ത്രിമാരും തെറ്റായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ അവരെ ആരും തന്നെ കുറ്റക്കാരാക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. 

Eng­lish Sum­ma­ry: Inter­net usage will also be reg­u­lat­ed: Three more new laws are com­ing which will give spe­cial pow­ers to the cen­tral government

You may also like this video

Exit mobile version