Site iconSite icon Janayugom Online

യുദ്ധക്കെടുതി: മെഡിസിന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ഇളവ്

ഉക്രെയ്ന്‍ യുദ്ധവും കോവിഡും കാരണം എംബിബിഎസ് ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഇളവ് പ്രഖ്യാപിച്ചത് ആശ്വാസമാകും. ഉക്രെയ്നിൽനിന്ന് മടങ്ങിയെത്തുന്ന അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥികൾക്കും കോവിഡ് 19 നിയന്ത്രണങ്ങൾ കാരണം ചൈനയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്കുമാണ് ഇളവ് ഗുണം ചെയ്യുക.

വിദേശ മെഡിക്കൽ ബിരുദധാരികളെ ഇന്റേൺഷിപ്പുകൾക്കോ പരീക്ഷകൾക്കോ വേണ്ടി ഇന്ത്യൻ മെഡിക്കൽ കോളജുകളിലേക്ക് മാറ്റാൻ നിലവിലെ ചട്ടങ്ങൾ അനുവദിക്കുന്നില്ല. എംബിബിഎസ് കോഴ്സും പരിശീലനവും ഇന്റേൺഷിപ്പും അതേ വിദേശ മെഡിക്കൽ സ്ഥാപനത്തിൽ തന്നെ ചെയ്യണമെന്നാണ് ചട്ടം.

ഉക്രെയ്നിലെ എംബിബിഎസ് കോഴ്സ് അഞ്ചര വർഷമാണ്. വിദ്യാർത്ഥികൾ ഉക്രെയ്നിൽ 12 മാസത്തെ ഇന്റേൺഷിപ്പ് പൂർത്തിയാക്കണമെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നു. ഈ ചട്ടങ്ങളിലാണ് ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട് എൻഎംസി ഇളവ് വരുത്തിയിരിക്കുന്നത്.

ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ അപേക്ഷിക്കുന്നവർ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ്സ് എക്സാമിനേഷൻ (എഫ്എംജിഇ) പാസായിട്ടുണ്ടെന്ന് സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ ഉറപ്പാക്കണമെന്ന് എൻഎംസി പറഞ്ഞു. ഇന്ത്യയിലെ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് നടത്തുന്ന ലൈസൻസ് പരീക്ഷയാണ് എഫ്എംജിഇ.

ഒന്നാമതായി, എംബിബിഎസ് ബിരുദം ലഭിച്ച രാജ്യത്തിന്റെ അധികാരപരിധിയിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ മെഡിക്കൽ ബിരുദം ഉപയോഗിക്കാമെന്നും ആ രാജ്യത്തെ പൗരനു നൽകുന്ന മെഡിസിൻ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസിനു തുല്യമാണെന്നും സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ ഉറപ്പാക്കണം.

രണ്ടാമതായി എംബിബിഎസ് സമയത്ത് പ്രത്യക്ഷ പരിശീലനമോ ഇന്റേൺഷിപ്പോ വിജയകരമായി പൂർത്തിയാക്കിയതായി സാക്ഷ്യപ്പെടുത്തുന്ന രേഖകൾ വിദ്യാർത്ഥിക്കുണ്ടെന്ന് സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ ഉറപ്പാക്കണം. ഇവ പാലിക്കുന്ന വിദ്യാർഥിയെ കണ്ടെത്തുകയാണെങ്കിൽ, സംസ്ഥാന മെഡിക്കൽ കൗൺസിലുകൾക്ക് 12 മാസത്തെ ഇന്റേൺഷിപ്പ് അല്ലെങ്കിൽ ശേഷിക്കുന്ന കാലയളവിനായി പ്രൊവിഷണൽ രജിസ്ട്രേഷൻ അനുവദിക്കാം എൻഎംസി പറഞ്ഞു.

വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് ഇന്റേൺഷിപ്പ് അനുവദിക്കാനുള്ള പരമാവധി ക്വാട്ട ഒരു മെഡിക്കൽ കോളജിലെ മൊത്തം അനുവദനീയമായ സീറ്റുകളുടെ 7.5 ശതമാനം അധികമായി പരിമിതപ്പെടുത്തണമെന്നും എൻഎംസി നിർദേശിക്കുന്നു. കൂടാതെ, എൻഎംസി അനുവദിക്കുന്ന മെഡിക്കൽ കോളജുകളിൽ മാത്രമേ ഇന്റേൺഷിപ്പ് ചെയ്യാന്‍ കഴിയൂ.

ഇന്റേൺഷിപ്പിനായി വിദ്യാർത്ഥികളിൽനിന്ന് തുകയോ ഫീസോ ഈടാക്കുന്നില്ലെന്ന് സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ മെഡിക്കൽ കോളജിൽനിന്ന് ഉറപ്പ് വാങ്ങണമെന്ന് എൻഎംസി നിർദേശിച്ചിട്ടുണ്ട്. സർക്കാർ കോളജുകളിൽ പരിശീലനം നേടുന്ന ഇന്ത്യൻ മെഡിക്കൽ ബിരുദധാരികൾക്കു നൽകുന്നതിന് തുല്യമായ സ്റ്റൈപ്പന്റും മറ്റ് സൗകര്യങ്ങളും വിദേശ മെഡിക്കൽ ബിരുദധാരികൾക്കും നൽകണമെന്നും എൻഎംസി നിർദേശിച്ചു.

eng­lish summary;Internship dis­count for med­i­cine students

you may also like this video;

Exit mobile version