Site iconSite icon Janayugom Online

ഇന്റേൺഷിപ്പ്​ മുടങ്ങി: കേരളത്തിൽ നിന്നുള്ള വിദേശ മെഡിക്കൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

doctorsdoctors

ഇന്റേൺഷിപ്പ്​ ചെയ്യാൻകഴിയാത്തതിനാൽ വിദേശ മെഡിക്കൽ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ. 2016 ബാച്ചിൽപ്പെട്ട ചൈനയിലെ സിടിജിയു യൂണിവേഴ്സിറ്റിയിൽ മെഡിക്കൽ ബിരുദ പഠനത്തിനായി പോയി മൂന്നര വർഷത്തെ പഠനത്തിനു ശേഷം കോവിഡിനെ ത്തുടർന്ന് 2020 ജനുവരിയിൽ നാട്ടിലേക്കു മടങ്ങിയെത്തിയ 70 ഓളം വിദ്യാർത്ഥികളാണ് പ്രതിസന്​ധിയിലായത്​. 2016 ബാച്ചിൽ മൊത്തം 70 കുട്ടികളാണുള്ളത്.

ഇതിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 30 കുട്ടികളുമുണ്ട്​. കോവിഡ് തുടർന്നുപോയ കാരണത്താൽ 2020 ജനുവരിക്കുശേഷം പഠനം ഡിജിറ്റൽ ക്ലാസ്സ്റും സംവിധാനത്തിലൂടെ ഓൺലൈൻ വഴിയായിരുന്നു. മൂന്നു സെമസ്റ്ററിലെ പഠനമാണ് ഈ വിധത്തിൽ പൂർത്തീകരിച്ചത്. ഓൺലൈനായി തന്നെ പരീക്ഷ നടത്തി ഫലവും പ്രഖ്യാപിച്ചു. യൂണിവേഴ്സിറ്റി പ്രൊവിഷണൽ സർട്ടിഫിക്കറ്റും നൽകുകയുണ്ടായി. തുടർന്ന് 2022 ജനുവരിമുതൽ നടന്നുവരുന്ന എഫ്എംജി ഇ ടെസ്റ്റുംപാസ്സായി. കേരളാ സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ പ്രൊവിഷണൽ രജിസ്ട്രേഷനുള്ള അപേക്ഷയും കൊടുത്ത്​ ഫീസും അടച്ചു. ഈ വർഷം ജനുവരിമുതൽ ഇന്റേൺഷിപ് ചെയ്യുന്നതിനായി കാത്തിരിക്കുമ്പോഴാണ് മെഡിക്കൽ കൗൺസിൽ ഒരു തടസ്സവാദമുന്നയിച്ചത്. മെഡിക്കൽ വിദ്യാർഥികൾ അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി അവസാന വർഷം ക്ലിനിക്കൽ പ്രാക്ടീസ് ചെയ്യേണ്ടതു​െണ്ടന്നറിയിച്ചു. എന്നാൽ കോവിഡിനെ തുടർന്ന് വിദ്യാർഥികൾ നാട്ടിലായിരുന്നതിനാൽ ക്ലിനിക്കൽ പ്രാക്ടീസ് ചെയ്യാൻ സാധിച്ചില്ല. ഈ കാരണമാണ് ഇപ്പോൾ ഇവിടെ ഇന്റേൺഷിപ് ചെയ്യാൻ തടസമായിരിക്കുന്നത്. ഇന്റേൺഷിപ്പ്​ ചൈനയിലോ ഇന്ത്യയിലോ ചെയ്യാവുന്നതാണ്. അത് പൂർത്തിയാക്കിയാൽ യൂണിവേഴ്സിറ്റി ഡിഗ്രി അവാർഡ് ചെയ്യും. എന്നാൽ കോവിഡിനുശേഷം ചൈന വിസ അനുവദിച്ചുതുടങ്ങിയത് 2023 ജൂണിനുശേഷമാണ്.

അപ്പോഴേക്ക് ഞങ്ങൾക്ക് അനുവദിച്ചുതന്നിരുന്ന സ്റ്റുഡൻറ് വിസയുടെ കാലാവധിയും അവസാനിച്ചു. കോവിഡ് കാരണം പകുതി കുട്ടികൾക്കു ഫീസ് അടച്ചെങ്കിലും പരീക്ഷ എഴുതുവാൻ കഴിയാതെവന്നു. ഇനി ഇന്ത്യയിൽ ഇന്റേൺഷിപ് ചെയ്യണമെങ്കിൽ കോവിഡ് കാലത്തു ഓൺലൈൻ ക്ലാസിനോടനുബന്ധിച്ചു നടക്കേണ്ടിയിരുന്ന ക്ലിനിക്കൽ പ്രാക്ടീസ് പൂർത്തീകരിക്കണമെന്ന് എൻഎംസി നിബന്ധന വച്ചു. ഇപ്പോൾ ചൈന വിസ പുതിക്കിത്തരാത്ത കാരണത്താൽ ചൈനയിലെ യൂണിവേഴ്സിറ്റിയിൽ എത്താനും കഴിയുന്നില്ല. ചൈനയിലെ നിബന്ധന പ്രകാരം മെഡിക്കൽ പഠനം 8 വർഷത്തിനകം പൂർത്തീകരിക്കണമെന്നാണ്. ഇന്ത്യയിൽ എൻഎംസി റെഗുലേഷൻ അനുസരിച്ചു ഫൈനൽ പരീക്ഷ പാസായി രണ്ട് വർഷത്തിനകമോ, എഫ്​എംജിഇ പാസായി രണ്ട് വർഷത്തിനകമോ ഇന്റേൺഷിപ് പൂർത്തീകരിക്കണമെന്നാണ്. കോഴ്സിന് ചേർന്നശേഷം ഇപ്പോൾ ഏഴ് വർഷം പിന്നിട്ടു. എഫ്എംജി ഇ പാസായിട്ടു ഇപ്പോൾ ഒന്നര വർഷവുമായി. എന്നിട്ടും ഇന്റേൺഷിപ്പിന് ചേരുവാൻ സാധിക്കാത്ത അവസ്ഥയാണ്​. മെറിറ്റിൽ ഇന്ത്യയിൽ മെഡിസിന് അഡ്മിഷൻ കിട്ടാത്ത സാഹചര്യത്തിലും സ്വകാര്യ സീറ്റിനായി ഭാരിച്ച തുക മുടക്കുവാനില്ലാതിരുന്നതിനാലുമാണ് പലരും വിദേശ പഠന മാർഗം തേടിയത്. മഹാവിപത്ത് സംഭവിച്ചതിന്റെപേരിൽ വിദ്യാർഥികളുടെ ഭാവിയും സ്വപ്നങ്ങളും തകർന്നടിയുന്നതു തടയുവാനുള്ള ഉത്തരവാദിത്വം ഭരണ സംവിധാനങ്ങൾ സ്വീകരിക്കണമെന്ന്​ രക്ഷിതാക്കൾ വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ഭൂരിഭാഗം പേരും 25–26 വയസ്സ് കഴിഞ്ഞവരാണ്. ഇനിയും പുതുതായി മറ്റെന്തെങ്കിലും കോഴ്സിന് പഠിക്കുവാനും കഴിയില്ല. രക്ഷിതാക്കൾക്ക് ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയും വന്നിട്ടുണ്ട്​. ഇവരുടെ ജൂനിയേഴ്​സിനും സീനി​േയഴ്​സിനും ഇത്തരം പ്രശ്നം ഉണ്ടായിട്ടുമില്ല. 2016 ബാച്ചിന്​ മാ​ത്രമാണ്​ പ്രശ്​​നമുണ്ടായത്​. ഒന്നുകിൽ ക്ലിനിക്കൽ പ്രാക്ടീസ് നഷ്ടപ്പെട്ട വിദ്യാർഥികർക്ക്​ അത്​ പരിഹരിക്കാൻ ഇന്ത്യയിൽ സിആർഎംഐ രണ്ടുവർഷം ചെയ്യുന്നതിനുള്ള അനുമതി നൽകുകയോ അല്ലെങ്കിൽ ചൈനീസ് സർക്കാരുമായി നയതന്ത്ര ചർച്ചകൾ നടത്തി വിസ പുതുക്കുന്നതിനും അവിടുത്തെ യൂണിവേഴ്സിറ്റിയിൽ ക്ലിനിക്കൽ ട്രെയിനിങ്ങും ഇന്റേൺഷിപ്പും പൂർത്തീകരിക്കുന്നതിനുള്ള സംവിധാനം ചെയ്തുതരികയോ വേണമെന്ന് രക്ഷിതാക്കളും വിദ്യാർഥികളും ആവശ്യപ്പെട്ടു. ജൂനിയർ 2017 ബാച്ചിൽപ്പെട്ട കുട്ടികളുടെ വിസ കാലാവധി കഴിയാതിരുന്നതുകൊണ്ട് ആ കുട്ടികൾ തിരികെ ചൈനയിലേക്ക് പോയി ഇന്റേൺഷിപ് ചെയ്തുതുടങ്ങി. സീനിയർ ബാച്ചിലെ കുട്ടികളെ ഇന്ത്യയിൽത്തന്നെ ഇന്റേൺഷിപ് ചെയ്യുവാൻ എൻഎംസി അനുമതിയും നൽകിയിട്ടുണ്ട്. വാർത്ത സമ്മേളനത്തിൽ എം കെ ശ്രീലാൽ ഇലന്തൂർ, എ എൻ പ്രസന്നൻ വടശ്ശേരിക്കര, അഞ്​ജു ശ്രീലാൽ, ഉണ്ണിമായ പ്രസന്നൻ എന്നിവർ പങ്കെടുത്തു. 

Eng­lish Sum­ma­ry: Intern­ship stalled: For­eign med­ical stu­dents from Ker­ala in crisis

You may also like this video

Exit mobile version