Site iconSite icon Janayugom Online

മെഹുൽ ചോക്സിയെ ഇന്ത്യ തട്ടിക്കൊണ്ടുപോയതായി ഇന്റർപോള്‍

ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്സിയെ ഇന്ത്യ തട്ടിക്കൊട്ടുപോയതായി ഇന്റർപോളിന്റെ റിപ്പോര്‍ട്ട്. കമ്മിഷൻ ഫോർ ദി കൺട്രോൾ ഓഫ് ഇന്റർപോൾസ് ഫയൽസി (സിസിഐഎഫ്)ന്റെതാണ് കണ്ടെത്തല്‍. നരേന്ദ്ര മോദി സർക്കാർ 2021 മേയില്‍ കരീബിയനിൽ നിന്ന് ചോക്സിയെ നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയെന്നാണ് സിസിഐഎഫ് നിഗമനം. ചോക്സിയെ ഇന്ത്യക്ക് കെെമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ മറികടക്കാന്‍ മോഡി സര്‍ക്കാര്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്. ചോക്‌സിയുടെ ബ്രിട്ടീഷ് ബാരിസ്റ്ററും കിംഗ്‌സ് കൗൺസലോ സീനിയർ അഭിഭാഷകനോ ആയ എഡ്വേർഡ് ഫിറ്റ്‌സ്‌ജെറാൾഡ്, ബെൽജിയൻ അഭിഭാഷകനായ സൈമൺ ബെക്കാർട്ട് എന്നിവര്‍ ലണ്ടനിലെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയില്‍ സിസിഐഎഫിന്റെ കണ്ടെത്തല്‍ തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്. മോഡി സര്‍ക്കാരിനെതിരെ തട്ടിക്കൊണ്ടുപോകലും പീഡനവും ആരോപിച്ച് ചോക്‌സി സമർപ്പിച്ച കേസാണിത്. 

ചോക്സിയെ തട്ടിക്കൊണ്ടുപോയവർ തങ്ങൾ റോ ഏജന്റുമാരാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഡൊമിനിക്കയിലേക്ക് കൊണ്ടുപോകുന്ന ബോട്ടിൽ വച്ച് ഒരു നരേന്ദ്ര സിങ്ങുമായി ചോക്സി സംസാരിച്ചു. സ്വമേധയാ ഇന്ത്യയിലേക്ക് മടങ്ങിയില്ലെങ്കിൽ കുടുംബത്തെ അപായപ്പെടുത്തുമെന്ന് സിങ് ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചോക്സിയെ തട്ടിക്കൊണ്ടുപോയതിന്റെ ആത്യന്തിക ലക്ഷ്യം ഇന്ത്യയിലേക്ക് നാടുകടത്തുക എന്നതായിരിക്കാമെന്ന സാധ്യതയുണ്ടെന്ന് സിസിഐഎഫ് വ്യക്തമാക്കുന്നു. ആന്റിഗ്വയിൽ നിന്ന് തന്നെ തട്ടിക്കൊണ്ടുപോകുന്നതിനും തുടർന്ന് ഡൊമിനിക്കയിലേക്ക് ബോട്ടിൽ നിർബന്ധിതമായി കൊണ്ടുപോകുന്നതിനും അഞ്ച് ബ്രിട്ടീഷ് പൗരന്മാര്‍ ഇന്ത്യന്‍ സർക്കാരിന്റെ ഏജന്റുമാരായി പ്രവർത്തിച്ചുവെന്ന് ചോക്സി ആരോപിക്കുന്നു.

Exit mobile version