അന്തര്‍ സംസ്ഥാന സെക്സ് റാക്കറ്റ് തകര്‍ത്ത് പൊലീസ്. വിദേശികളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 14,190 സ്ത്രീകളെ രക്ഷപ്പെടുത്തി. ഹൈദരാബാദ്, ബംഗളുരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ രണ്ടുമാസമായി സൈബറാബാദ് പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ സെല്‍ നടത്തിയ പരിശോധനകളിലാണ് റാക്കറ്റ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു. ഇവരില്‍ അദീം, സമീര്‍, സല്‍മാന്‍, അര്‍ണവ്, മൊഹദ് അഫ്സര്‍, ജോഗേശ്വര്‍ എന്നിവരാണ് സെക്സ് റാക്കറ്റിന്റെ മുഖ്യ ആസൂത്രകര്‍, 16 വര്‍ഷമായി ഇവര്‍ സെക്സ് റാക്കറ്റ് നടത്തിവരികയാണെന്നും ആയിരക്കണക്കിന് സ്ത്രീകളെ നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അസം, ബംഗ്ലാദേശ്, നേപ്പാള്‍, തായ്‌ലന്‍ഡ്, ഉസ്ബക്കിസ്ഥാന്‍, റഷ്യ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സ്ത്രീകളെയാണ് രക്ഷപ്പെടുത്തിയത്. രാജ്യത്തെ വിവിധ ഇടങ്ങളില്‍ സ്ത്രീകളെ എത്തിച്ചുകൊണ്ടുള്ള സംഘടിത സെക്സ് റാക്കറ്റാണ് പ്രതികള്‍ നടത്തിവന്നതെന്ന് പൊലീസ് പറഞ്ഞു. വെബ്സൈറ്റുകളില്‍ മറ്റും പരസ്യം നല്‍കി കോള്‍ സെന്ററുകളിലൂടെയും വാട്സ്ആപ്പ് വഴി ഇടപാടുകാരുമായി ബന്ധപ്പെടുകയും ഹോട്ടലുകൾ ക്രമീകരിക്കുകയും വേശ്യാവൃത്തിക്ക് പണം ശേഖരിക്കുകയുമാണ് പ്രതികള്‍ ചെയ്തിരുന്നത്. സൈബറാബാദിലെയും ഹൈദരാബാദിലെയും 70 ശതമാനം പെൺവാണിഭ കേസുകള്‍ക്കുപിന്നിലും ഈ റാക്കറ്റാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് സൈബറാബാദ് പൊലീസ് കമ്മിഷണര്‍ സ്റ്റീഫന്‍ രവീന്ദ്ര പറഞ്ഞു.
ഇടപാടുകാരില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ 30 ശതമാനം ഇരകള്‍ക്കും 35 ശതമാനം പരസ്യങ്ങള്‍ക്കുമാണ് നല്‍കിയിരുന്നത്. ബാക്കി 30 ശതമാനം സംഘം വീതിച്ചെടുക്കുകയും ചെയ്യുന്നു. സമാന രീതിയിലുള്ള മറ്റ് സംഘങ്ങളുമായും ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നതായി പൊലീസ് പറയുന്നു. രക്ഷപ്പെടുത്തിയ സ്ത്രീകളില്‍ 50 ശതമാനവും പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ്. കര്‍ണാടക (20 ശതമാനം), മഹാരാഷ്ട്ര (15), ഡല്‍ഹി (ഏഴ്), മറ്റ് സംസ്ഥാനങ്ങള്‍ (അഞ്ച്) എന്നിങ്ങനെയാണ് കണക്ക്. ദരിദ്ര കുടുംബങ്ങളില്‍ ജീവിക്കുന്ന യുവതികളെ ആഡംബര ജീവിതം വാഗ്ദാനം ചെയ്താണ് സെക്സ് റാക്കറ്റുകളില്‍ എത്തിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.
English Sammury: Interstate s ..e ..x racket busted in Hyderabad, 18 people arrested