Site iconSite icon Janayugom Online

മദ്യലഹരിയില്‍ യുവാക്കള്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങി; ലോക്കോ പൈലറ്റുമാരുടെ ഇടപെടല്‍ രക്ഷയായി

railway trackrailway track

മദ്യലഹരിയിൽ പാതിബോധത്തിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയവരെ ട്രെയിൻ പെട്ടെന്ന് നിർത്തി രക്ഷപ്പെടുത്തിയ ലോക്കോ പൈലറ്റുമാരുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ഏറെ കൈയ്യടിയും അവർ നേടുന്നുണ്ട്. ട്രെയിൻ എമർജൻസി ബ്രേക്കിട്ടതോടെയാണ് ഇരുവരെയും രക്ഷപ്പെടുത്താനായത്. ആലുവ‑അങ്കമാലി റൂട്ടിൽ ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ഇരുവരും അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ആ വീഡിയോ ഇപ്പോഴാണ് വൈറലായത്. ഷാലിമാർ എക്സ്പ്രസ് ആലുവയിൽ നിന്നും പുറപ്പെട്ട് ഒന്നരകിലോമീറ്റർ പിന്നിട്ടപ്പോഴാണ് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നവരെ ലോക്കോ പൈലറ്റുമാർ കണ്ടത്. 

ഇരുവരും ട്രാക്ക് മുറിച്ചുകടക്കാനാവാതെ പ്രയാസപ്പെടുന്നതാണെന്ന് മനസിലാക്കി എമർജൻസി ബ്രേക്കിട്ടു. ട്രെയിൻ സമീപത്തെത്തിയതും ഇരുവരും ട്രാക്കിനുള്ളിലേക്ക് വീണു. പുറത്തിറങ്ങി നോക്കിയപ്പോൾ അടിയിലുണ്ടെന്ന് മനസിലാക്കി. ആദ്യം അവർ പകച്ചു. അതിന് ശേഷം ജീവനുണ്ടെന്ന് മനസിലാക്കി. ലോക്കോപൈലറ്റുമാർ ഇരുവരെയും രക്ഷപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും പകർത്തി. അതി സാഹസികമായിരുന്നു കാര്യങ്ങൾ. എമർജൻസി ബ്രേക്കിട്ടത് അടക്കം ധൈര്യപൂർവ്വമാണ് അവർ ഇടപെട്ടത്. അതുകൊണ്ട് മാത്രമാണ് രണ്ട് ജീവൻ രക്ഷപ്പെട്ടത്. അല്ലെങ്കിൽ രണ്ടു പേരും അതീവ ഗുരുതരാവസ്ഥയിൽ ആകുമായിരുന്നു. അടിന്തിരഘട്ടത്തിൽ മാത്രമാണ് എമർജൻസി ബ്രേക്കിടാൻ അനുവാദമുള്ളത്. ഇത്തരത്തിൽ എമർജൻസി ബ്രേക്കിടുന്ന സാഹചര്യമുണ്ടായാൽ ഉന്നതതലത്തിൽ വിശദീകരണം നൽകുകയും വേണം. ട്രെയിനിന്റെ പിൻഭാഗം ആലുവ പാലത്തിന് മുകളിലായിരുന്നതിനാൽ ട്രെയിൻ മാനേജർക്ക് പുറത്തിറങ്ങി സംഭവിച്ചത് മനസിലാക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് ആലപ്പുഴ സ്വദേശികൂടിയായ ലോക്കോപൈലറ്റ് അൻവർ ഹുസൈൻ പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. 

Exit mobile version