Site iconSite icon Janayugom Online

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം കോയമ്പത്തൂരിലെ എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിലേക്ക്

മമ്പറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലെ എസ്ഡിപിഐ കേന്ദ്രങ്ങളിലേക്ക്. കോയമ്പത്തൂരിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത് കോയമ്പത്തൂരില്‍നിന്നുള്ള എസ്ഡിപിഐ സംഘമാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നാലെ പ്രദേശത്തെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലെ എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. 

രാവിലെ 6.30 ഓടെ പെരുവമ്പ് എന്ന് സ്ഥലത്തുവരെ അക്രമിസംഘം സഞ്ചരിച്ചതെന്നു കരുതുന്ന വെളുത്ത കാര്‍ എത്തിയിരുന്നു. അതിന് ശേഷം ഏഴുമണിയോടെ കൃത്യം നടന്ന മമ്പറത്തിന് സമീപം ഉപ്പുമ്പാടം എന്ന സ്ഥലത്തും എത്തി. അവിടെ ഒന്നര മണിക്കൂറോളം സഞ്ജിത്തിനെ കാത്തുനിന്നിരുന്നു. അതിന് ശേഷം 8.30ഓടെയാണ് മമ്പറത്തേക്ക് എത്തുന്നതും കൊലപ്പെടുത്തുന്നതും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കാര്‍ തത്തമംഗലം വഴി വന്നതാകാം എന്ന നിഗമനത്തിലാണ് പോലീസ്. അങ്ങനെയാണെങ്കില്‍ അത് കോയമ്പത്തൂരില്‍ നിന്നുള്ള സംഘമാകാം എന്നാണ് വിലയിരുത്തല്‍. തൃശ്ശൂര്‍ ഭാഗത്തേക്ക് പോയി കണ്ണന്നൂരില്‍ ആയുധം ഉപേക്ഷിച്ച ശേഷം കോയമ്പത്തൂരിലേക്ക് കടന്നിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കാനായിട്ടാണെന്നാണ് പോലീസിന്റെ നിഗമനം. 

ആയുധങ്ങള്‍ കിട്ടിയെങ്കിലും പ്രതികളിലേക്കോ കാറിന്റെ വിവരങ്ങളിലേക്കോ ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയില്‍ കണ്ണനൂരില്‍നിന്ന് ചാക്കില്‍ പൊതിഞ്ഞ നിലയില്‍ നാല് വാളുകള്‍ കണ്ടെടുത്തിരുന്നു. കണ്ണനൂരില്‍നിന്ന് കുഴല്‍മന്ദം ഭാഗത്തേക്കുള്ള സര്‍വീസ് റോഡിലെ കലുങ്കിന് താഴെ ചാക്കില്‍ കെട്ടി വലിച്ചെറിഞ്ഞ നിലയിലായിരുന്നു വാളുകള്‍. സര്‍വീസ് റോഡില്‍ നെല്ലുണക്കാനിട്ട നാട്ടുകാരിലൊരാളാണ് ചാക്ക് കണ്ടത്. കണ്ടെടുത്ത വാളുകളില്‍ രക്തപ്പാടുകളുണ്ട്. വാളുകള്‍ കണ്ടെത്തിയ സ്ഥലത്തും വെളുത്ത കാറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ആര്‍.എസ്.എസ്. തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ മമ്പറത്ത് ഒരുസംഘം ആളുകള്‍ പട്ടാപ്പകല്‍ ഭാര്യയുടെ മുന്നില്‍ വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട്-തൃശ്ശൂര്‍ ദേശീയപാതയ്ക്കടുത്ത് കിണാശ്ശേരി മമ്പറത്തുവെച്ചാണ് സംഭവം. 15 വെട്ടാണ് ശരീരത്തിലുടനീളമുള്ളമുണ്ടായിരുന്നത്.

Eng­lish Sum­ma­ry : inves­ti­ga­tion rss leader mur­der leads to sdpi work­ers in coimbatore

You may also like this video :

Exit mobile version