Site icon Janayugom Online

ഇറാനിലെ ഹിജാബ് പ്രതിഷേധം; പ്രശസ്ത നടി തരാനെഹ് അലിദൂസ്തി അറസ്റ്റിൽ

ഇറാനിലെ നിർബന്ധിത ഹിജാബ് നിയമത്തിനെതിരായ പ്രതിഷേധ സമരത്തെ പിന്തുണച്ച നടി തരാനെഹ് അലിദൂസ്തിയെ അറസ്റ്റ് ചെയ്തു. ‘വ്യാജവും , അവ്യക്തവുമായ സന്ദേശം പ്രചരിപ്പിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ചു’ എന്നാരോപിച്ചാണ് അറസ്റ്റ്. 2016 ൽ ഓസ്‌കർ നേടിയ ‘ദ സെയിൽസ്മാൻ’ എന്ന ചിത്രത്തിൽ 38 കാരിയായ തരാനെഹും വേഷമിട്ടിട്ടുണ്ട്.

ഇറാനിൽ പ്രതിഷേധത്തിന്റെ പേരിൽ തൂക്കിലേറ്റപ്പെട്ട ആദ്യ വ്യക്തി മൊഹ്‌സിൻ ഷെകാരി കൊല്ലപ്പെടുന്ന അന്നേ ദിവസം (ഡിസംബർ 8) തന്നെയാണ് അലിദൂസ്തിയുടെ ഏറ്റവും ഒടുവിലത്തെ സോഷ്യൽ മീഡിയ പോസ്റ്റും വന്നിരിക്കുന്നത്. ‘നിങ്ങളുടെ നിശബ്ദത അടിച്ചമർത്തലിന് പിന്തുണയാകുന്നു’ എന്നതായിരുന്നു പോസ്റ്റ്. ഈ രക്തചൊരിച്ചിൽ കണ്ട് നടപടിയെടുക്കാത്ത എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യവർഗത്തിന് തന്നെ നാണക്കേടാണെന്ന് അലിദൂസ്തി കുറിച്ചു.

ഇറാനിയൻ സിനിമയിലെ സജീവ സാന്നിധ്യമായ അലിദൂസ്തി, അടുത്തിടെ കാൻസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ‘ലൈലാസ് ബ്രദർ’ എന്ന ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്.

ശിരോവസ്ത്രം ധരിച്ചില്ലെന്ന കാരണംപറഞ്ഞ് മതപോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് വംശജയായ മഹ്‌സ അമിനി എന്ന യുവതി സെപ്റ്റംബര്‍ 16‑ന് മരിച്ചതിനെ തുടര്‍ന്നാണ് ഇറാനില്‍ വലിയ പ്രക്ഷോഭം ആരംഭിച്ചത്.

Eng­lish Sum­ma­ry: Iran Arrests Actress Taraneh Ali­doosti Anti-Hijab Protests
You may also like this video

Exit mobile version