Site iconSite icon Janayugom Online

അശാന്തിയില്‍ ഇറാന്‍; മരണം 116 ആയി ഉയര്‍ന്നു

ഇറാനില്‍ രണ്ടാഴ്ചയോളമായി തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളില്‍ 116 പേർ കൊല്ലപ്പെട്ടു. സർക്കാരിതര സംഘടനയായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സാണ് കണക്ക് പുറത്തുവിട്ടത്. തലസ്ഥാന നഗരമായ ടെഹ്‌റാനിനും വടക്ക് റാഷ്ത്, വടക്ക് പടിഞ്ഞാറ് തബ്രിസ്, തെക്ക് ഷിറാസ്, കെർമാൻ തുടങ്ങിയ നിരവധി നഗര കേന്ദ്രങ്ങളിലും പുതിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇന്റര്‍നെറ്റ്, മറ്റ് ആശയവിനിമയ സംവിധാനങ്ങള്‍ എന്നിവ വിച്ഛേദിക്കപ്പെട്ടതോടെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള വളരെ പരിമിതമായ വിവരങ്ങളെ പുറത്തുവരുന്നുള്ളു. 2,600 പേർ അറസ്റ്റിലായതായി യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരെ മുദ്രാവാക്യമുയര്‍ത്തിയാണ് മിക്ക പ്രതിഷേധങ്ങളും നടക്കുന്നത്. 

പ്രതിഷേധ സ്ഥലങ്ങൾക്ക് മുകളിലൂടെ നിരീക്ഷണ ഡ്രോണുകൾ പറക്കുന്നതായും സുരക്ഷാ സേനയുടെ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും വിവരമുണ്ട്. ടെഹ്‌റാനിൽ നിന്ന് ഏകദേശം 725 കിലോമീറ്റർ വടക്കുകിഴക്കായി ഇറാനിലെ രണ്ടാമത്തെ വലിയ നഗരമായ മഷ്ഹാദിൽ, സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം, പ്രതിഷേധ പ്രസ്ഥാനത്തിലെ പ്രധാന അംഗങ്ങളെ അറസ്റ്റ് ചെയ്തതായി ദേശീയ പൊലീസ് മേധാവി പറഞ്ഞു. 

രാജ്യത്തിനു പുറത്തേക്കും പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യമാണുളളത്. വെള്ളിയാഴ്ച, പ്രതിഷേധക്കാര്‍ ലണ്ടനിലെ കെൻസിംഗ്ടൺ ജില്ലയിലെ ഇറാൻ എംബസിയില്‍ സ്ഥാപിച്ചിരുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പതാക വലിച്ചുകീറി പകരം 1979 ന് മുമ്പുള്ള “സിംഹവും സൂര്യനും” എന്ന ചിഹ്നമുള്ള പതാക നാട്ടി. പാരീസ്, ബെർലിൻ എന്നിവയുൾപ്പെടെ പ്രധാന യൂറോപ്യൻ നഗരങ്ങളിൽ ഐക്യദാർഢ്യ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറ്റ് ഹൗസിന് പുറത്തും പ്രകടനക്കാർ ഒത്തുകൂടി.

Exit mobile version