അമേരിക്കൻ മുൻ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതി മെനയുന്നതായി യുഎസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്. നവംബറിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിനെ വധിക്കാനുള്ള പദ്ധതിയിലാണ് ഇറാന് പങ്കുണ്ടെന്നാണ് പുതിയ വാദം. യു എസ് രഹസ്യാന്വേഷണ വിഭാഗവുമായി സഹകരിക്കുന്ന രണ്ട് മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെ ഉണ്ടായ വധശ്രമത്തിൽ ഇറാന് പങ്കുണ്ടോ എന്നതിന് തെളിവില്ല. ട്രംപിന് നേരെയുള്ള ഇറാന്റെ ഭീഷണികൾ സംബന്ധിച്ച് വിവിധ സ്രോതസുകളിൽനിന്ന് ജോ ബൈഡൻ ഭരണകൂടത്തിന് രഹസ്യവിവരങ്ങൾ ലഭിച്ചിരുന്നു. ട്രംപിനെ കൊല്ലാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ പോലും സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം.
2020‑ൽ ഇറാന്റെ ഉന്നത സൈനിക ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമായാണ് ഇറാൻ ട്രംപിനെ ലക്ഷ്യമിടുന്നത്. വരും ആഴ്ചകളിൽ ട്രംപിനെ വധിക്കാൻ കൂടുതൽ ശ്രമങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് ഇറാനുമായുള്ള നയതന്ത്ര ബന്ധം വഷളാകുന്നത്. ബറാക്ക് ഒബാമ ഭരണകൂടവുമായി ഇറാൻ ഒപ്പിട്ട ആണവകരാറിൽനിന്ന് ഏകപക്ഷീമായി പിന്മാറിയതും ട്രംപിന്റെ കാലത്തായിരുന്നു. ഈ വിഷയങ്ങളുള്‍പ്പെടെ യുഎസ് — ഇറാന്‍ ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയിരുന്നു. ട്രംപിനെ വധിച്ച് യുഎസിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇറാന്റെ ഇതുവരെയുള്ള നീക്കമെല്ലാം പാളിയെങ്കിലും അവർ ഇനിയും ശ്രമം തുടരുമെന്ന് ട്രംപ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘എനിക്കു ചുറ്റും ഇത്ര ബൃഹത്തായ സുരക്ഷാവലയം മുൻപൊരിക്കലും ഉണ്ടായിട്ടില്ല’– സുരക്ഷ കൂട്ടിയ കാര്യം സ്ഥിരീകരിച്ച് ട്രംപ് പറഞ്ഞു.