ഇസ്രായേലുമായുള്ള സംഘർഷത്തെത്തുടർന്ന് അടച്ചിട്ടിരുന്ന വ്യോമപാത ഇന്ത്യക്കായി മാത്രം തുറന്ന് നൽകി ഇറാൻ. ഇറാനിലെ സംഘർഷബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള ‘ഓപ്പറേഷൻ സിന്ധു‘വിന്റെ ഭാഗമായാണ് ഈ നടപടി. വിദ്യാർത്ഥികളുമായി പുറപ്പെട്ട ആദ്യ വിമാനം ഇന്ന് രാത്രി 11 മണിയോടെ ഡൽഹിയിലെത്തും. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ നാളെ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഇസ്രായേലി, ഇറാനിയൻ സേനകൾ തമ്മിലുള്ള സംഘർഷം കാരണം ഇറാനിയൻ വ്യോമാതിർത്തി മിക്ക അന്താരാഷ്ട്ര വിമാനങ്ങൾക്കും അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ, ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതിനായി ഇന്ത്യക്ക് പ്രത്യേക വ്യോമമേഖല അനുവദിക്കുകയായിരുന്നു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് ഇന്ത്യ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. 4,000‑ത്തിലധികം ഇന്ത്യക്കാർ ഇറാനിൽ താമസിക്കുന്നുണ്ട്, അവരിൽ പകുതിയും വിദ്യാർത്ഥികളാണ്.

