Site iconSite icon Janayugom Online

ഇസ്രയേലിനെ ഭീതിയിലാഴ്‌ത്തി ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; ഒരുകോടി പൗരന്മാർ ബങ്കറുകളിൽ അഭയം തേടി

ഇസ്രയേലിനെ ഭീതിയിലാഴ്‌ത്തി ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടരുന്നു. നൂറുകണക്കിന് മിസൈലുകള്‍ അയച്ചെന്നും 80 ശതമാനം ലക്ഷ്യം കണ്ടെന്നും ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്സ് വ്യക്തമാക്കി. ഇറാന്‍, ഹമാസ്, ഹിസ്ബുള്ള മേധാവികളുടെ വധത്തിന് പകരം വീട്ടുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി. മിസൈൽ ആക്രമണം ശക്തമായപ്പോൾ ഒരുകോടി ഇസ്രായേൽ പൗരന്മാർ ബങ്കറുകളിൽ അഭയം തേടി. എന്നാൽ അമേരിക്കയുടെ സഹായത്തോടെ ഈ മിസൈലുകളിൽ അധികവും പ്രതിരോധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു. അതിനിടെ, മധ്യ ഇസ്രായേലിലെ ഗദേരയിലെ ഒരു സ്കൂൾ റോക്കറ്റ് ആക്രമണത്തിൽ തകർന്നു. റോക്കറ്റ് പതിച്ചതിന്റെ ഫോട്ടോകളും വിഡിയോകളും പുറത്തുവിട്ടിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആർക്കും പരിക്കില്ലെന്ന് ഇസ്രായേൽ ഹോം ഫ്രണ്ട് കമാൻഡ് മേധാവി മേജർ ജനറൽ റാഫി മിലോ പറഞ്ഞു. ഇറാന്‍ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നൽകി. 

ഇസ്രയേലിനെ സഹായിക്കാന്‍ കൂടുതൽ യുദ്ധവിമാനങ്ങളും ആയിരക്കണക്കിനു സൈനികരെയും യുഎസ് സംഘർഷ മേഖലയിലേക്ക് അയച്ചു. അതിനിടെ ഇസ്രയേല്‍ തലസ്ഥാനമായ ടെൽ അവീവിന് സമീപം ജാഫയില്‍ ഉണ്ടായ വെടിവെയ്പ്പിൽ നാലുപേര്‍ മരിച്ചു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.‍ വ്യോമഗതാഗതം ജോര്‍ദാനും ഇറാഖും താല്‍ക്കാലികമായി നിർത്തിവെച്ചു. തെക്കൻ ലബനനിൽ കടന്നുള്ള കരയുദ്ധം തുടങ്ങിയ ഇസ്രയേല്‍ ഹിസ്ബുള്ള മേഖലകളില്‍ ആക്രമണം തുടരുകയാണ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഒഴിഞ്ഞുപോകുന്നവര്‍ വാഹനം ഒഴിവാക്കണമെന്നും ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. ബെയ്റൂട്ടിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ശക്തമായ വ്യോമാക്രമണം തുടരുന്നു. കരവഴിയുള്ള ഇസ്രയേൽ നീക്കം തടയാൻ തങ്ങൾ സജ്ജമാണെന്നും യുദ്ധം നീണ്ടുപോകാമെന്നും ഹിസ്ബുള്ള ഡെപ്യൂട്ടി ലീഡർ നയിം ഖാസിം പറ‍ഞ്ഞു.

Exit mobile version