കർണാടകയിൽ വിങ് കമാൻഡറെ ക്രൂരമായി മർദിച്ചുവെന്ന പരാതിയിൽ വഴിത്തിരിവ്. ബൈക്ക് യാത്രികനായ വികാസ് കുമാറിനെ വിങ് കമാൻഡർ ശൈലാദിത്യ ബോസ് മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞദിവസമാണ് വ്യോമസേന വിങ് കമാന്‍ഡര്‍ ബോസ് കന്നഡ സംസാരിക്കാത്തതിന്റെ പേരില്‍ നഗരമധ്യത്തിൽ താൻ ആക്രമിക്കപ്പെട്ടുവെന്ന് പറഞ്ഞ് പൊലീസിൽ പരാതി നൽകിയത്. ശൈലാദിത്യ ബോസും ഭാര്യ മധുമിതയും വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ ബൈക്കിലെത്തിയ ഒരാള്‍ പെട്ടെന്ന് ഇവരെ മറികടന്ന് മുന്നിലെത്തി വാഹനം തടഞ്ഞുനിര്‍ത്തി. കന്നഡയില്‍ അസഭ്യം പറയുകയും മധുമിതയെ അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്‌തുവെന്നായിരുവന്നു പരാതി.
മധുമിത നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ വികാസ് കുമാറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ശേഷം സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ശൈലാദിത്യ ബോസ് വികാസ് കുമാറിനെ മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്. ബോസ് വികാസിനെ റോഡിലിട്ട് ക്രൂരമായി മർദിക്കുകയും പിടിച്ചുമാറ്റാന്‍ വരുന്നവരെ വകവയ്ക്കാത്തതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. നേരത്തെ നാട്ടുകാര്‍ വികാസിനെ പിന്തുണച്ചെന്നായിരുന്നു സമൂഹമാധ്യമത്തില്‍ ബോസിന്റെ ആരോപണം. വികാസിന്റെ മൊബൈൽ ഫോൺ ബോസ് പിടിച്ചുവാങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിങ് കമാൻഡറിനെതിരെ വികാസ് കുമാർ ബൈയപ്പനഹള്ളി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

