Site iconSite icon Janayugom Online

തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട്; ഗുജറാത്ത് കൃഷിമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് 75 കോടിയുടെ തട്ടിപ്പ് നടത്തിയതിന് ഗുജറാത്ത് കൃഷിവകുപ്പ് മന്ത്രിയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മകന്‍ ബല്‍വന്ത് സിങ് ഖബാദിനെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
ദേവഗഢ് ബാരിയ, ധന്‍പുര്‍ എന്നി താലൂക്കുകളില്‍ നിന്ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 75 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദഹോദ് പൊലീസ് ബല്‍വന്ത് സിങ് ഖബാദിനെ അറസ്റ്റ് ചെയ്തത്. കൃഷിവകുപ്പ് മന്ത്രി ബച്ചു ഖബാദിന്റെ മക്കളായ ബല്‍വന്ത് സിങ്ങിനും ഇളയ സഹോദരന്‍ കിരണിനെതിരെയുമാണ് അഴിമതി ആരോപണം ഉയര്‍ന്നത്.

ഇതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. പിന്നീട് ജാമ്യാപേക്ഷ പിന്‍വലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബല്‍വന്ത് സിങിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാഥമികാന്വേഷണത്തില്‍ അഴിമതി തെളിഞ്ഞിട്ടുണ്ടെന്നും ജില്ലാ ഗ്രാമവികസന അതോറിറ്റിയുടെ എഫ്ഐആര്‍ അനുസരിച്ചാണ് കേസില്‍ അറസ്റ്റ് നടന്നതെന്നും ദഹോദ് പൊലീസ് അറിയിച്ചു. തൊഴിലുറപ്പ് പദ്ധതികള്‍ക്കായുള്ള സാധനസാമഗ്രികള്‍ വിതരണം ചെയ്യുന്നത് ബല്‍വന്ത് സിങ് ഖബാദ് നടത്തുന്ന ഏജന്‍സിയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ഏഴ് പേരെ പിടികൂടിയിട്ടുണ്ട്. 

Exit mobile version