കേശവദാസപുരം — പിഎംജി ദേശീയപാതാ വികസനത്തിലെ സ്ഥലം ഏറ്റെടുപ്പിൽ ക്രമക്കേട് നടത്തി സർക്കാർ ഖജനാവിന് നഷ്ടം ഉണ്ടാക്കിയ കേസിൽ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ. മുൻ സ്പെഷ്യൽ തഹസീൽദാർ ദിവാകരൻ പിള്ള, വില്ലേജ് അസിസ്റ്റന്റ് എസ് രാജഗോപാൽ എന്നിവരെയാണ് വിവിധ വകുപ്പുകളിലായി കോടതി കഠിന തടവും പിഴയും വിധിച്ചത്. ദിവാകരൻ പിള്ളയെ 12 വർഷം കഠിന തടവിനും 2.35,000 രൂപ പിഴയ്ക്കും രാജഗോപാലിനെ ആറ് വർഷം കഠിന തടവിനും 1,35,000 രൂപ പിഴയ്ക്കുമാണ് പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം വി രാജകുമാര ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയും 80കാരിയുമായ തമിഴ്‌നാട് സ്വദേശിനി അസുന്ത മേരിയെ കോടതി വെറുതെ വിട്ടു.
ഹൈവേ വികസനത്തിനായി യഥാർത്ഥ ഉടമസ്ഥർ നഷ്ടപരിഹാരം കൈപ്പറ്റാതെ സ്വമേധയാ സർക്കാരിലേക്ക് വിട്ടുകൊടുത്ത വസ്തു രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യാജരേഖ ചമച്ച് പ്രസ്തുത വസ്തു ഹൈവേ വികസനത്തിനായി സർക്കാർ ഏറ്റെടുത്തതിലേക്ക് നഷ്ടപരിഹാരമായി 12,60,910 രൂപ അനധികൃതമായി രണ്ടാം പ്രതിക്ക് ലഭിക്കുവാനും സർക്കാർ ഖജനാവിന് നഷ്ടം സംഭവിക്കാനും ഇടയാക്കിയെന്നാണ് കേസ്. 2000 ലാണ് ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്തത്. കളക്ടറേറ്റിലെ വാർഷിക പരിശോധനയിൽ ആഭ്യന്തര വിജിലൻസാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയതും വിജിലൻസിന് കേസ് കൈമാറിയതും. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിലെ മുൻ ഡിവൈഎസ്‌പി ആയിരുന്നു രാജേന്ദ്രൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസില്‍ ഇൻസ്പെക്ടർ ആയിരുന്ന ഉജ്വൽ കുമാർ അന്വേഷണം നടത്തി. മുൻ ഡിവൈഎസ്‌പി ആർ മഹേഷ് ചാർജ് സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ ശശീന്ദ്രൻ ഹാജരായി.