നമ്മൾ കഴിക്കുന്ന ചോറിലൂടെയും പച്ചക്കറികളിലൂടെയും മാരകമായ ആഴ്സനിക് വിഷം ശരീരത്തിലെത്തുന്നുണ്ടോ? ദേശീയ ഹരിത ട്രിബ്യൂണലിന് അടുത്തിടെ കേന്ദ്ര സർക്കാർ സമർപ്പിച്ച പുതിയ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത് ഈ വലിയ അപകടത്തിലേക്കാണ്. പശ്ചിമബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ കാർഷിക മേഖലയെ ആഴ്സനിക് മലിനീകരണം അതീവ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മണ്ണിൽ നിന്നും വെള്ളത്തിൽ നിന്നും അർദ്ധലോഹ മൂലകങ്ങളെ അതിവേഗം ആഗിരണം ചെയ്യാൻ കഴിവുള്ള സസ്യമാണ് നെല്ല്. അതുകൊണ്ടുതന്നെ, ആഴ്സനിക് കലർന്ന വെള്ളം ഉപയോഗിച്ച് ജലസേചനം നടത്തുന്ന പാടങ്ങളിൽ ഉല്പാദിപ്പിക്കുന്ന നെല്ലിൽ വിഷാംശം അടിഞ്ഞുകൂടാൻ സാധ്യത കൂടുതലാണ്. ജലസേചനത്തിലൂടെ മണ്ണിലെത്തുന്ന ആഴ്സനിക് ആദ്യം വേരുകളിലും പിന്നീട് സസ്യത്തിന്റെ കാണ്ഡം, ഇലകൾ എന്നിവയിലേക്കും വ്യാപിക്കുന്നു.
ഇലക്കറികളിലും (ചീര പോലുള്ളവ) കിഴങ്ങുവർഗങ്ങളിലുമാണ് ആഴ്സനിക് തോത് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. ധാന്യങ്ങളിലും ഫലങ്ങളിലും ഇതിന്റെ അളവ് താരതമ്യേന കുറവാണെങ്കിലും, സ്ഥിരമായ ഉപയോഗം മനുഷ്യശരീരത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഭൂഗർഭജലത്തിൽ സ്വാഭാവികമായും കാണപ്പെടുന്ന ഒരു മൂലകമാണ് ആഴ്സനിക്. എന്നാൽ അമിതമായ അളവിൽ ഇത് ശരീരത്തിലെത്തുന്നത് കാൻസർ, തൊലിപ്പുറത്തെ രോഗങ്ങൾ, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്ക് കാരണമാകും. കുട്ടികളിലെ ബുദ്ധിവികാസത്തെയും ഇത് ദോഷകരമായി ബാധിക്കും. ഗംഗാ സമതലത്തിലെ സംസ്ഥാനങ്ങളിലാണ് നിലവിൽ ഈ ഭീഷണി ഏറ്റവും കൂടുതൽ പ്രകടമാകുന്നത്.
ലോകമെമ്പാടുമുള്ള 2.5 ബില്യണിലധികം ആളുകൾ കുടിവെള്ളത്തിനായി ഭൂഗർഭജലത്തെ ആശ്രയിക്കുന്നു, ഉയർന്ന നിലവാരമുള്ള കുടിവെള്ളം നൽകുന്നത് മനുഷ്യ സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായി മാറിയിരിക്കുന്നു. ഭൂഗർഭജലം സുരക്ഷിതമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ആഴ്സനിക് പോലുള്ള ഘനലോഹങ്ങളുടെ ഉയർന്ന സാന്ദ്രത മനുഷ്യന്റെ ആരോഗ്യ പ്രശ്‌നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകും. ഇന്ത്യയിൽ, 20 സംസ്ഥാനങ്ങളും 4 കേന്ദ്രഭരണ പ്രദേശങ്ങളും ഇതുവരെ ഭൂഗർഭജലത്തിൽ ആഴ്സനിക് മലിനീകരണം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതിന് പുറമെയാണ് ഭക്ഷണ വസ്തുക്കളിലൂടെയും ആഴ്സനിക് ശരീരത്തിലെത്തുന്നതായുള്ള പഠനം.
വിഷാംശത്തെ ചെറുക്കാൻ കൃഷിരീതികളിൽ ശാസ്ത്രീയമായ മാറ്റം വരുത്തണമെന്ന് റിപ്പോർട്ട് നിര്‍ദേശിക്കുന്നു. സഹിഷ്ണുതയുള്ള വിളകൾ: ആഴ്സനിക്കിനെ പ്രതിരോധിക്കാൻ ശേഷിയുള്ള നെല്ലിനങ്ങളും കുറഞ്ഞ അളവിൽ വെള്ളം ആവശ്യമുള്ള വിളകളും കൃഷി ചെയ്യുക.
കൃഷിഭൂമിയിൽ പച്ചിലവളങ്ങളും സിലിക്കേറ്റ് വളങ്ങളും ഉപയോഗിക്കുന്നത് മണ്ണിൽ നിന്നുള്ള വിഷാംശ ആഗിരണം കുറയ്ക്കാൻ സഹായിക്കും. ഭൂഗർഭജലത്തിന് പകരം മഴവെള്ളം ശേഖരിച്ച് ജലസേചനത്തിന് ഉപയോഗിക്കുന്നത് വഴി മലിനീകരണം ഒരു പരിധിവരെ നിയന്ത്രിക്കാം. നമ്മുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന ഈ വിഷയം ഗൗരവകരമായ ചർച്ചകൾക്കും അടിയന്തര ഇടപെടലുകൾക്കും വഴിമാറേണ്ടതുണ്ട്.
ഭക്ഷണവും വിഷമോ? ആഴ്സനിക് മലിനീകരണം നെല്പാടങ്ങളെ വിഴുങ്ങുന്നു

