ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഐഎസ്എല്‍ എട്ടാം സീസണിന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും. രാത്രി 7.30നാണ് മത്സരം. രാജ്യം കോവിഡില്‍ നിന്നും പൂര്‍ണമായി മുക്തി നേടാത്തതിനാല്‍ നേരത്തെ ഗ്യാലറികളെ ഇളക്കി മറിച്ചിരുന്ന ആരാധക കൂട്ടത്തെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഇത്തവണയും മത്സരങ്ങള്‍ നടത്തുന്നത്. ഗോവയിലെ ഫറ്റോര്‍ദ സ്റ്റേഡിയം, ബാംബോലിം സ്റ്റേഡിയം, തിലക് മൈതാനം എന്നിവിടങ്ങളിലായി സൂപ്പര്‍ ലീഗിന്റെ ആവേശം ചുരുങ്ങും. ഇന്ത്യന്‍ കളിക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്ന ലക്ഷ്യം കൂടി ഇത്തവണ ഐഎസ്എല്‍ മുന്നോട്ടുവയ്ക്കുന്നു. അതിനാല്‍ തന്നെ മത്സരത്തില്‍ ഒരു ടീമില്‍ നാല് വിദേശ താരങ്ങള്‍ക്ക് മാത്രമേ കളിക്കാന്‍ സാധിക്കൂ. രണ്ട് തവണ ഐഎസ്എൽ ഫൈനലിലെത്തിയപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് കിരീടം തട്ടിയെടുത്തിരുന്നു കൊൽക്കത്ത. പരിചയസമ്പന്നനായ അന്റോണിയോ ഹബാസന്റെ ശിക്ഷണത്തിൽ എടികെ ഇറങ്ങുമ്പോൾ പുതിയ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചുമതല. കഴിഞ്ഞ സീസണിൽ ഫൈനലിൽ മുംബൈ സിറ്റിക്ക് മുന്നിൽ വീണ നിരാശ മാറ്റാനാണ് എടികെ ഇറങ്ങുന്നത്.
കേരള ബ്ലാസ്റ്റേഴ്സിനാകട്ടെ കഴിഞ്ഞ സീസണിലെ പത്താം സ്ഥാനത്തിന്റെ നാണക്കേട് പരിഹരിക്കണം. ആറ് വിദേശതാരങ്ങളുടെ സാന്നിധ്യം ഇത്തവണ ബ്ലാസ്റ്റേഴ്സിലുണ്ട്. അഡ്രിയാൻ ലൂണയും മാർകോ ലെസ്കോവിച്ചും അൽവാരോ വാസ്ക്വേസും ഹോർഗെ പെരേര ഡിയാസുമൊക്കെ കളം നിറഞ്ഞാൽ മുൻ സീസണിലെ നിരാശ കേരള ബ്ലാസ്റ്റേഴ്സിന് മറക്കാം. മത്സരത്തില്‍ എടികെ ബഗാനെതിരെ ഇറങ്ങുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നുണ്ടാവില്ല. രണ്ട് തവണ ഐഎസ്‌എല്‍ ഫൈനലിലെത്തിയപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീട മോഹത്തിന് മങ്ങല്‍ ഏല്പിച്ച ടീമാണ് കൊല്‍ക്കത്ത. അതുകൊണ്ട് തന്നെ ഇന്നത്തെ പോരാട്ടം കനക്കും. ബ്ലാസ്റ്റേഴ്സിനും എടികെ മോഹന്‍ ബഗാനും പുറമെ, മുംബൈ സിറ്റി എഫ്‌സി, ബംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്‌സി, ഹൈദരാബാദ് എഫ്‌സി, എഫ്‌സി ഗോവ, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്‌സി, ഈസ്റ്റ് ബംഗാള്‍, ജംഷഡ്പുര്‍ എഫ്‌സി എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
english summary:ISL starts today
you may also like this video ;