Site iconSite icon Janayugom Online

അർത്തുങ്കൽ പൊലീസ് സ്റ്റേഷന് ഐ എസ് ഒ അംഗീകാരം

ചേർത്തലയിലെ അർത്തുങ്കൽ പൊലീസ് സ്റ്റേഷന് പ്രവർത്തന മികവിന് കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിന്റെ (ബിഐഎസ്) ഐഎസ്ഒ അംഗീകാരം ലഭിച്ചു. ദേശീയ തലത്തിൽ ആദ്യമായിട്ടാണ് ഒരു പൊലീസ് സ്റ്റേഷന് ബിഐഎസ് അംഗീകാരം ലഭിക്കുന്നത്. കൂടാതെ ഇതാദ്യമായാണ് ഒരു ദേശീയ ഏജൻസി സേവനങ്ങളുടെ ഗുണനിലവാരം വിലയിരുത്തി ഒരു പൊലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ് നൽകുന്നത്.
ക്രമസമാധാനപാലനം, കുറ്റാന്വേഷണം, പ്രവർത്തനങ്ങളിലെ ഗുണമേന്മ, പരാതികൾ തീർപ്പാക്കുന്നതിലെ വേഗത, അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, ഹരിത പെരുമാറ്റച്ചട്ടം, ഫയലുകൾ സൂക്ഷിക്കുന്നതിലെ കൃത്യത, ഉദ്യോസ്ഥരുടെ മികച്ച പെരുമാറ്റം, ദൈനംദിന പ്രവർത്തനങ്ങളിൽ ആധുനിക സംവിധാനം പ്രയോജനപ്പെടുത്തൽ തുടങ്ങിയ ഘടകങ്ങളാണ് പുരസ്കാരത്തിന് അർഹമാക്കിയത്. 

ജനമൈത്രി പൊലീസിങ്ങിന്റെ ഭാഗമായി സ്റ്റേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുമായി നിരന്തര സമ്പർക്കം പുലർത്തുകയും സൈബർ ക്രൈം, ലഹരിമരുന്ന് വ്യാപനം എന്നിവ സംബന്ധിച്ച് 10, 000 ത്തോളം കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവത്കരണ ക്ലാസുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. ചേർത്തല എഎസ്പി ഹരീഷ് ജെയിനിന്റെ നേതൃത്വത്തിൽ ആരംഭിച്ച മോഡെർനൈസ്ഡ് ചേർത്തല പൊലീസ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇവ സംഘടിപ്പിച്ചത്. 

അർത്തുങ്കൽ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ബിഐഎസ് ദക്ഷിണ മേഖലാ പ്രതിനിധി പ്രവീൺ ഖന്നയിൽ നിന്നും അർത്തുങ്കൽ എസ്എച്ച്ഒ പിജി മധു, സബ് ഇൻസ്പെക്ടർ ഡി. സജീവ് കുമർ എന്നിവർ ചേർന്ന് പുരസ്കാരം കൈപ്പറ്റി. സംസ്ഥാന പൊലീസ് മേധാവി റവാഡ എ ചന്ദ്ര ശേഖർ, ക്രമസമാധാന വിഭാഗം എ. ഡി. ജി. പി എച്ച്. വെങ്കിടേഷ്, ദക്ഷിണ മേഖല ഐ. ജി എസ്. ശ്യാം സുന്ദർ, എറണാകുളം റെയ്ഞ്ച് ഡി. ഐ. ജി എസ്. സതീഷ് ബിനോ, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം. പി മോഹനചന്ദ്രൻ നായർ, ചേർത്തല എ. എസ്. പി ഹരീഷ് ജെയിൻ, പൊലീസുദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Exit mobile version