ഇറാനിലെ സൈനിക ലക്ഷ്യങ്ങൾ തകർത്തു എന്നവകാശപ്പെട്ട് ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമെന്ന് ആരോപണം. ഇറാന്റെ Mi 17 ഹെലികോപ്റ്റർ തകർത്തു എന്നായിരുന്നു മാര്‍ച്ച് നാലിന് പുറത്തുവിട്ട വീഡിയോയിലെ അവകാശവാദം. എന്നാൽ ഇൻഫ്രാറെഡ് ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ അതൊരു യഥാർത്ഥ ഹെലികോപ്റ്ററല്ലെന്നും തറയിൽ വരച്ചുചേർത്ത ചിത്രമാണെന്നുമാണ് സൈനിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
സ്ഫോടനത്തിന് ശേഷവും ഹെലികോപ്റ്ററിന്റെ ചിറകുകൾ ഒരേ രൂപത്തിൽ നിലനിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യഥാർത്ഥ വിമാനമാണെങ്കിൽ സ്ഫോടനത്തിൽ അവ ചിന്നിച്ചിതറേണ്ടതായിരുന്നു. ഒരു ഇസ്രായേലി മിസൈലിന് ഏകദേശം 30 ലക്ഷം ഡോളർ അതായത് ഏകദേശം 25 കോടി രൂപ വിലവരും. എന്നാൽ ഏതാനും ഡോളറുകൾ മാത്രം ചെലവഴിച്ച് തറയിൽ വരച്ചുചേർത്ത ചിത്രത്തിന് നേരെയാണ് ഈ മിസൈൽ പ്രയോഗിച്ചതെങ്കിൽ അത് ഇസ്രായേലിന് വലിയ സാമ്പത്തിക നഷ്ടവും നാണക്കേടുമാണ്. അതേസമയം സംഭവത്തില്‍ ഐഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

