ഇസ്രയേൽ തടവിലാക്കിയ 30 പലസ്തീനികളുടെ മൃതദേഹങ്ങൾ കൂടി ഇന്നലെ വിട്ടുനൽകി. ഗാസ മുനമ്പിലേക്ക് തിരികെയെത്തിച്ച ഈ മൃതദേഹങ്ങളിൽ ചിലതിൽ ക്രൂരമായ പീഡനങ്ങളുടെ തെളിവുകൾ കാണാനാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇൻ്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി വഴിയാണ് മൃതദേഹങ്ങൾ തിരികെ നൽകിയത്. ഒക്ടോബർ ആദ്യം ഇരു രാജ്യങ്ങളും സമ്മതിച്ച തടവുകാരെ കൈമാറൽ കരാറിൻ്റെ ഭാഗമായാണ് ഈ കൈമാറ്റം. ഇതോടെ ആകെ ലഭിച്ച മൃതദേഹങ്ങളുടെ എണ്ണം 225 ആയെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മുൻപ് കൈമാറിയ പലസ്തീനികളുടെ മൃതദേഹങ്ങളിലും ക്രൂരമായ സൈനിക പീഡനത്തിൻ്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. അവ പലതും കണ്ണുകെട്ടിയും കൈകൾ വിലങ്ങുവെച്ച നിലയിലും ആയിരുന്നു. മിക്ക ശരീരങ്ങളും അഴുകിയതോ കത്തിച്ചതോ ആയി കാണപ്പെട്ടു. മറ്റു ചിലതിന് കൈകാലുകളോ പല്ലുകളോ നഷ്ടപ്പെട്ടിരുന്നുവെന്നുവെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, വെടിനിർത്തൽ കരാർ ലംഘിച്ച് ഗാസയിൽ പലയിടത്തായി ഇസ്രയേൽ സൈന്യം ആക്രമണങ്ങൾ നടത്തി. ഇസ്രയേൽ ഡിഫൻസ് ഫോഴ്സിൻ്റെ ആക്രമണങ്ങളിൽ വെള്ളിയാഴ്ച മാത്രം മൂന്ന് പേർ കൊല്ലപ്പെട്ടതായും ഗാസ മുനമ്പിൽ ഉടനീളം വ്യോമാക്രമണം തുടരുന്നതായും റിപ്പോർട്ടുണ്ട്.

