ഗാസയിലെ അഭയാർത്ഥി ക്യാംപിന് നേരെയും ഇസ്രായേൽ ഷെല്ലാക്രമണം . ജബാലിയയിലെ അഭയാർഥി ക്യാംപിൽ നടത്തിയ ഷെല്ലാക്രമണത്തിൽ, ഭക്ഷണത്തിനു കാത്തുനിന്നിരുന്ന കുട്ടികളടക്കം 10 പേർ കൊല്ലപ്പെട്ടു. 40 പേർക്കു പരുക്കേറ്റു. പലസ്തീനിയൻ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട വിവരം പരിശോധിച്ചു വരുന്നതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസ് വീണ്ടും സംഘടിക്കുന്നുവെന്ന സൂചന ലഭിച്ച വടക്കൻ ഗാസയിലെ ജബാലിയ മേഖലയിലാണു 10 ദിവസമായി ഇസ്രയേൽ ആക്രമണം കേന്ദ്രീകരിച്ചിരിക്കുന്നത്. ഗാസയിലെ ഏറ്റവും വലിയ അഭയാർഥി ക്യാംപ് സ്ഥിതിചെയ്യുന്ന ഈ പ്രദേശം വളഞ്ഞ സേന ബെയ്ത് ലഹിയ, ബെയ്ത് ഹനൂൺ നഗരങ്ങളിലേക്ക് ടാങ്കുകൾ അയച്ച് ആക്രമണം ശക്തിപ്പെടുത്തുകയാണ്.
ജനങ്ങളോട് ഒഴിഞ്ഞുപോകണമെന്ന് സൈന്യം ആവശ്യപ്പെട്ടെങ്കിലും ഹമാസ് ഇതു തടയുകയാണെന്നും റിപ്പോർട്ടുണ്ട്. ഇസ്രയേൽ ആക്രമണം പ്രതിരോധിക്കുന്നതായി ഹമാസ് അവകാശപ്പെട്ടു. ജനങ്ങളെ പൂർണമായി ഒഴിപ്പിച്ച് വടക്കൻ ഗാസ കൈവശപ്പെടുത്താനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്നും ആരോപിച്ചു. എന്നാൽ, ഇവിടെ കേന്ദ്രീകരിച്ച് ആക്രമണം നടത്തുന്ന ഹമാസിനെ ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും മറ്റുപദ്ധതികളൊന്നുമില്ലെന്നും ഇസ്രയേൽ സൈനിക വക്താവ് പറഞ്ഞു.