Site iconSite icon Janayugom Online

മരണമുനമ്പ്; ഗാസയില്‍ 20 ലക്ഷം ജീവന്‍ അപകടത്തില്‍, പലായനം ചെയ്തത് നാലുലക്ഷം പേര്‍ 

കുടിവെള്ള വിതരണം നിലച്ച ഗാസയില്‍ രണ്ട് ദശലക്ഷം ആളുകളുടെ ജീവന്‍ അപകടത്തിലാണെന്ന് യുഎന്‍. ജലം, വൈദ്യുതി, ഇന്ധന വിതരണം തുടങ്ങിയവ ഇസ്രയേല്‍ ഒരാഴ്ചയായി തടഞ്ഞിരിക്കുകയാണ്. ഉപരോധം ജീവന്മരണ പ്രശ്നമായി മാറിയിരിക്കുന്നുവെന്ന് പലസ്തീൻ അഭയാർത്ഥികൾക്കായുള്ള യുഎൻ ഏജൻസി പറഞ്ഞു.  ഗാസ ജനതയ്ക്ക് വെള്ളം ലഭ്യമാക്കാൻ ഇന്ധനം എത്തിക്കേണ്ടതുണ്ടെന്ന് യുഎൻആർഡബ്ല്യുഎ കമ്മിഷണർ ജനറൽ ഫിലിപ്പ് ലസാരിനി പറഞ്ഞു.
വാട്ടർ പ്ലാന്റിന്റെയും പൊതു ജലശൃംഖലയുടെയും പ്രവർത്തനം നിലച്ചതോടെ ശുദ്ധജലം ലഭ്യമാകുന്നില്ല. കിണറുകളിലെ മലിനജലം ഉപയോഗിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായാല്‍ ജലജന്യ രോഗങ്ങള്‍ അപകടസാധ്യത വർധിപ്പിക്കുമെന്നും  യുഎൻആർഡബ്ല്യുഎ  പറഞ്ഞു. സമ്പൂര്‍ണ ഉപരോധത്താല്‍ ഇന്ധനവിതരണം മുടങ്ങിയി വെെദ്യുതി നിലച്ച സാഹചര്യത്തില്‍ ആശുപത്രി പ്രവര്‍ത്തനവും താറുമാറായി. വെെദ്യുതി പുനഃസ്ഥാപിച്ചില്ലെങ്കില്‍ ആശുപത്രികള്‍ ശ്മശാനമായി മാറുമെന്ന് ലോകാരോഗ്യ സംഘടന വീണ്ടും മുന്നറിയിപ്പ് നല്‍കി.
ഗാസയിലെ അടിയന്തര ആരോഗ്യ ആവശ്യങ്ങൾക്കായുള്ള മെഡിക്കല്‍ സാമഗ്രികളുമായി വിമാനം ഈജിപ്റ്റിലെത്തിയതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് അറിയിച്ചു. റാഫാ ക്രോസിങ്ങിലൂടെ പ്രവേശനം സ്ഥാപിച്ചാലുടൻ സാമഗ്രികള്‍ വിതരണം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗാസയിലെ 11 ലക്ഷം ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന നിലപാട് ഇസ്രയേല്‍ പുനഃപരിശോധിക്കണമെന്നും ഗബ്രിയേസസ് ആവർത്തിച്ചു.
പരിക്കേറ്റവര്‍ക്കും ഹൃദ്രോഗം, രക്തസമ്മർദം, പ്രമേഹം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ള 1,500 രോഗികൾക്കും ആവശ്യമായ മരുന്നുകളും ആരോഗ്യ സാമഗ്രികളും 3,00,000 ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അവശ്യ വസ്തുക്കളും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ ഈജിപ്റ്റില്‍ കെട്ടിക്കിടക്കുകയാണ്. ഇവ ഈജിപ്ഷ്യൻ ഭാഗത്ത് തുടരുന്ന ഓരോ മണിക്കൂറിലും കൂടുതൽ മരണങ്ങള്‍ സംഭവിക്കും.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ‑സിസിയുമായി ഗബ്രിയേസസ് നടത്തിയ കൂടിക്കാഴ്ചയില്‍ റാഫാ ക്രോസിങ് വഴി ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനുള്ള സംഘടനയുടെ അഭ്യർത്ഥന അംഗീകരിച്ചിരുന്നു. എന്നാല്‍ ഇസ്രയേൽ സഹായ വിതരണത്തിന് ഇതുവരെ സമ്മതിച്ചില്ല. തുര്‍ക്കി അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പലസ്തീന്‍ സഹായങ്ങളും ഈജിപ്റ്റില്‍ കെട്ടിക്കിടക്കുകയാണ്. അഭയാര്‍ത്ഥി പ്രവാഹം ഭയന്ന് ഈജിപ്റ്റ് അതിര്‍ത്തി അടച്ചിട്ടുണ്ട്. ഇതുവരെ 4.23 ലക്ഷം പേര്‍ ഗാസ മുനമ്പില്‍ നിന്നും പലായനം ചെയ്തതായി യുഎന്‍ അറിയിച്ചു.

മരണം 2300

*ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു
*മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചു
*അഷ്കെലോണിലേക്ക് ഹമാസിന്റെ റോക്കറ്റ് ആക്രമണം
ജറുസലേം: ഗാസയില്‍ തീമഴ പെയ്യിച്ച് ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു. ഇതുവരെ ഗാസയില്‍ 2200ലേറെപ്പേര്‍ മരിച്ചു. ഇതില്‍ 600 ല്‍ അധികം കുട്ടികളും ഉള്‍പ്പെടുന്നു. 7696 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലില്‍ 1300 പേര്‍ കൊല്ലപ്പെടുകയും 2800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇസ്രയേല്‍ നിര്‍ദേശമനുസരിച്ച് ഗാസയില്‍ നിന്നും ഒഴിഞ്ഞുപോവുകയായിരുന്ന സംഘത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 70 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഓടിക്കൊണ്ടിരുന്ന കാറുകള്‍ക്ക് നേരെയാണ് വ്യോമാക്രമണം നടന്നതെന്നും ഹമാസ് പറഞ്ഞു. അഷ്കെലോണിലേക്ക് ഹമാസും റോക്കറ്റ് ആക്രമണം നടത്തി.
ഹമാസിന്റെ സീനിയര്‍ കമാൻഡര്‍ മുറാദ് അബു മുറാദിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ ഹമാസ് ആസ്ഥാനത്തിന് നേരെ നടന്ന വ്യോമാക്രമണത്തിലാണ് അബു മുറാദ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഹമാസിന്റെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല.
Eng­lish Sum­ma­ry: Israel-Hamas War
You may also like this video
Exit mobile version