Site iconSite icon Janayugom Online

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം; എല്‍പിജി ലഭ്യത കുറയും

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നത് ഇന്ത്യയുടെ പാചകവാതക (എല്‍പിജി) വിതരണത്തെ പ്രതികൂലമായി ബാധിക്കും. ആഭ്യന്തര ഉപഭോഗത്തിനുള്ള എല്‍പിജിക്ക് ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയുടെ സ്ഥിതി യുദ്ധസമാന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും. രാജ്യത്തെ ഉപഭോഗത്തിന്റെ 66 ശതമാനം പാചകവാതകവും പശ്ചിമേഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. ഹോര്‍മുസ് കടലിടുക്ക് അടച്ചിടാനുള്ള ഇറാന്റെ തീരുമാനം സാമ്പത്തിക രംഗത്തെയും രാജ്യത്തെ കുടുംബാംഗങ്ങളെയും നേരിട്ട് ബാധിക്കും. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷവും യുദ്ധസമാന സ്ഥിതിവിശേഷവും എല്‍പിജി വിതരണത്തില്‍ ഏറ്റക്കുറച്ചില്‍ വരുത്താന്‍ ഇടയാക്കും. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പ്രതികരണം. അതേസമയം 16 ദിവസത്തേക്കുള്ള എല്‍പിജിയാണ് ഇന്ത്യയുടെ കരുതല്‍ ശേഖരത്തിലുള്ളതെന്നാണ് വിവരം,

സംഘര്‍ഷം നീണ്ടുപോകുന്നത് പാചകവാതക വിതരണം നിലയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. ലോകത്തിലെ എണ്ണ, വാതക വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന നിര്‍ണായക സമുദ്രപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ യുഎസ് ആക്രമണത്തിന് മറുപടിയായി ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. അത്തരമൊരു അടച്ചിടല്‍ ആഗോള ഊര്‍ജ വിപണിയില്‍ ഗുരുതരമായ പ്രത്യാഘാതമാകും സൃഷ്ടിക്കുക. 

ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കാവും ഏറ്റവുമധികം പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുക. സംഘര്‍ഷത്തിന്റെ ഫലമായി ആഗോള എണ്ണവില ഇതിനകം കുതിച്ചുയരുന്നു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ യുഎസ് കൂടി രംഗപ്രവേശം ചെയ്തതിന് പിന്നാലെ ബ്രെന്റ് ക്രൂഡോയില്‍ വിലയില്‍ 10 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഈ വിലവര്‍ധനവ് ഏഷ്യന്‍ രാജ്യങ്ങളിലെ ആഭ്യന്തര എണ്ണവിലയിലും പ്രതിഫലിക്കും. പാചകവാതക സിലിണ്ടറിന് ഇപ്പോള്‍ തന്നെ അധിക തുക നല്‍കേണ്ടി വരുന്ന ഇന്ത്യന്‍ കുടുംബത്തിന്റെ ബജറ്റ് താളം തെറ്റിക്കുന്ന നിലയിലേക്ക് എല്‍പിജി വില കുതിച്ചുയരുമെന്നാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കി റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്ന ഇന്ത്യയുടെ സമീപനം ഒരു പരിധി വരെ ഇന്ധന വിതരണത്തിന് തടസം സൃഷ്ടിക്കില്ലെങ്കിലും ആഗോള തലത്തിലെ ക്രൂഡോയില്‍ വിലക്കയറ്റത്തിന്റെ ആഘാതം ഇന്ത്യയും നേരിടേണ്ടി വരും. 

Exit mobile version