Site iconSite icon Janayugom Online

ഗാസയില്‍ ഇസ്രയേലിന്റെ കൂട്ടക്കുരുതി

ഗാസയില്‍ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യംവച്ചുള്ള ബോംബാക്രമണം ഇസ്രയേല്‍ ശക്തമാക്കി. രണ്ടുദിവസം കൊണ്ട് കുട്ടികളടക്കം 704 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ മാസം ഏഴിന് ഇസ്രയേൽ ആക്രമണം തുടങ്ങിയ ശേഷമുള്ള ഏറ്റവും രക്തരൂക്ഷിത ദിനമായി ഇന്നലെ മാറി. റാഫയിലുണ്ടായ ആക്രമണത്തില്‍ മാത്രം 32 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പലസ്തീനികളുടെ എണ്ണം 5791 ആയതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 2360 പേര്‍ കുട്ടികളാണ്. 1400 ഇസ്രയേലി പൗരന്മാരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഖാൻ യൂനിസില്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന കെട്ടിടത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ മരിച്ചു.

അല്‍ അമല്‍ ആശുപത്രിക്ക് സമീപമാണ് ആക്രമണമുണ്ടായത്. വടക്കൻ ഗാസയില്‍ നിന്ന് രക്ഷപ്പെട്ട് അഭയം തേടിയ 4000ത്തോളം പേരാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് പലസ്തീൻ റെഡ് ക്രോസ് അറിയിച്ചു. അതേസമയം ടെൽ അവീവിന് നേരെ റോക്കറ്റാക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെട്ടു. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് തയ്യാറെടുത്തതായി ഇസ്രയേല്‍ സേന വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനായി വ്യാപക ആക്രമണമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത്. 400 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ത്തു. യുദ്ധം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി ഉത്തരവിന് വേണ്ടി കാത്തിരിക്കുകയാണെന്നും ഡാനിയേല്‍ ഹഗാരി പറ‍ഞ്ഞു.

വിദേശികള്‍ ഉള്‍പ്പെടെ 222 പേരെ ഹമാസ് ബന്ദിക്കളാക്കിയിരിക്കുന്നതായി ഇസ്രയേലി സേന അറിയിച്ചു. ഇതില്‍ നാല് പേരുടെ മോചനം ഇതുവരെ സാധ്യമായിട്ടുണ്ട്. ഗാസയിലെത്തിച്ച് കിലോമീറ്ററുകള്‍ നടത്തിച്ച് ടണലിലേക്ക് കൊണ്ടുപോയതായി ഹമാസില്‍ നിന്ന് മോചിതയായ 85 വയസുകാരി യോക്കാവെഡ് ലിഫ്‌ഷിറ്റ്സ് പറഞ്ഞു. ബന്ദികളാക്കിയവരെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് സുരക്ഷിതത്വവും പാരിതോഷികവും വാഗ്ദാനം ചെയ്യുന്ന ലഘുലേഖ ഗാസയിൽ വിതരണം ചെയ്തിട്ടുണ്ട്.

അതേസമയം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന യുഎന്നിന്റെ ആവശ്യം ഇസ്രയേല്‍ വീണ്ടും തള്ളി. ഗാസാ മുനമ്പിൽ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ വ്യക്തമായ ലംഘനങ്ങൾ നടക്കുന്നതായി യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് രക്ഷാസമിതിയിൽ പറഞ്ഞു. തുടരെയുള്ള ആക്രമണത്തെ തുടര്‍ന്ന് 23 ലക്ഷം പേര്‍ ആഹാരത്തിനും വെള്ളത്തിനും മരുന്നിനുമായി അലയുകയാണ്. ഗാസയിലേക്ക് സഹായങ്ങളുമായി ഇതുവരെ 54 ട്രക്കുകള്‍ മാത്രമേ എത്തിയിട്ടുള്ളൂ. ട്രക്കുകള്‍ക്ക് ഇന്ധനം ലഭിച്ചില്ലെങ്കില്‍ സഹായ വിതരണം നിര്‍ത്തലാക്കേണ്ടി വരുമെന്നും യുഎൻ അറിയിച്ചിട്ടുണ്ട്.

അല്‍ അഖ്സ പള്ളി അടച്ചു 
പലസ്തീനികള്‍ പുണ്യപ്രദേശമായി കരുതുന്ന അല്‍ അഖ്സ പള്ളി ഇസ്രയേല്‍ പൊലീസ് അടച്ചു. ഇന്നലെ രാവിലെ മുതല്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രായമായവര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാ പ്രായത്തിലുള്ളവര്‍ക്കും പ്രവേശനം നിഷേധിക്കുകയും പള്ളി അടച്ചിടുകയുമായിരുന്നു.  പള്ളിക്ക് നേരെയുണ്ടാകുന്ന ചെറിയ ആക്രമണങ്ങള്‍ പോലും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ റംസാന്‍ ദിനത്തിലും അത്തരത്തിലൊരു സംഘര്‍ഷം പ്രദേശത്ത് ഉടലെടുത്തിരുന്നു.

Eng­lish Summary:Israel launch­es 400 strikes across Gaza; over 700 killed in 24 hours
You may also like this video

Exit mobile version