വാക്കിടോക്കി സ്ഫോടനത്തിനു പിന്നാലെ ലെബനനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. പേജര്‍, വാക്കിടോക്കി സ്ഫോടനങ്ങള്‍ക്ക് ശേഷം ഹിസ്‍ബുള്ള നേതാവ് ഹസന്‍ നസ്റല്ല രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് ബെയ്റൂട്ടില്‍ വ്യോമാക്രമണം നടത്തിയത്. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ലക്ഷ്യമെന്ന് ഇസ്രയേല്‍ സെെന്യം അറിയിച്ചു.
അതേസമയം, ബെയ്റൂട്ടിൽ വാക്കിടോക്കികൾ പൊട്ടിത്തെറിച്ചുള്ള അപകടത്തില്‍ മരണം 34 ആയി. 450 പേർ പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ ദിവസം നടന്ന പേജർ സ്ഫോടനത്തിൽ മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കിടയിലും പൊട്ടിത്തെറിയുണ്ടായി. വാക്കിടോക്കികള്‍ക്ക് പുറമെ പോക്കറ്റ് റേഡിയോകളും പൊട്ടിത്തെറിച്ചു. ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയയിലും കിഴക്കന്‍ ബെക്കാ താഴ‍്‍വരയിലുമാണ് സ്ഫോടനങ്ങള്‍ നടന്നത്.
സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകളിലും പേജര്‍, വാക്കിടോക്കി എന്നിവ കൊണ്ടുപോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതിനു പുറമേ രാജ്യവ്യാപകമായി തിരച്ചില്‍ നടത്തി സംശയകരമായി തോന്നിക്കുന്ന എല്ലാ പേജറുകളും വാക്കിടോക്കികളും പൊട്ടിച്ചുകളയാനും ഭരണകൂടം ഉത്തരവിട്ടു. ഇതിനായി ബോംബ് സ്‌ക്വാഡിലെ വിദഗ്ധര്‍ അടങ്ങിയ പ്രത്യേക സൈനിക യൂണിറ്റിനെയും നിയോഗിച്ചു.
യുദ്ധം പുതിയ ഘട്ടത്തിലേക്കെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ലെബനനില്‍ സ്ഫോടന പരമ്പരകള്‍ അരങ്ങേറിയത്. പുതിയ പോർമുഖം തുറക്കുകയാണ്. ഇതിന് ധൈര്യവും ദൃഢനിശ്ചയവും കഠിനപ്രയത്നവും ആവശ്യമാണെന്നും പ്രതിരോധ മന്ത്രി യോവ് ഗാലന്റ് സൈനികരോട് ആഹ്വാനം ചെയ്തു. ഇതുവരെ പ്രയോഗിക്കാത്ത പല ആയുധശേഷികളും ഇസ്രയേലിന് ഉണ്ടെന്ന് സൈനിക മേധാവി പ്രതികരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആക്രമണം രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ പദ്ധതിയെന്ന ആരോപണം ഇസ്രയേൽ അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
കുറ്റവാളികളായ ശത്രുരാജ്യം നടത്തിയ കൂട്ടക്കൊലയ്ക്കും വഞ്ചനാപരമായ ആക്രമണത്തിനും ദൈവസഹായത്താൽ കണക്കുചോദിക്കുമെന്ന് ഹിസ്ബുള്ള പ്രതികരിച്ചു. ഇതുകൊണ്ടൊന്നും ഗാസയിലെ ഹമാസിന്റെ ചെറുത്തുനില്പിനെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കില്ലെന്നും വ്യക്തമാക്കി. ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേലിനാണെന്നും തീർച്ചയായും തിരിച്ചടിക്കുമെന്നും ഹിസ്‍ബുള്ള മുന്നറിയിപ്പ് നല്‍കി.
പൊട്ടിത്തെറിച്ച വാക്കിടോക്കികളില്‍ ജപ്പാനീസ് റേഡിയോ ഉപകരണ നിര്‍മ്മാതാക്കളായ ‘ഐക്കോണ്‍’ കമ്പനിയുടെ ലോഗോയും ‘മെയ്‌ഡ് ഇന്‍ ജപ്പാന്‍’ എന്നയെഴുത്തുമുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങളിലടക്കം പുറത്തുവന്ന ചിത്രങ്ങള്‍ പറയുന്നു. എന്നാല്‍ ഈ വാക്കിടോക്കികളുടെ ഉല്പാദനം 2014ല്‍ അവസാനിപ്പിച്ചുവെന്നാണ് കമ്പനി പറയുന്നത്.
പേജര്‍ ഉപകരണങ്ങളില്‍ നിശ്ചിത അളവില്‍ സ്ഫോടകവസ്തു നിറച്ചിരുന്നതായാണ് ലെബനന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് അടക്കമുള്ള രാജ്യാന്തര വാര്‍ത്താ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
തായ്‌വാന്‍ കമ്പനിയായ ‘ഗോള്‍ഡ് അപ്പോളോ‘യാണ് പേജറുകളുടെ നിര്‍മ്മാതാക്കളെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം കമ്പനി സ്ഥാപകന്‍ നിഷേധിച്ചു. ഇരു സ്ഫോടന പരമ്പരകളിലും ഉപയോഗിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ഉറവിടം അവ്യക്തമായി തുടരുന്നത് ഹിസ്‍ബുള്ള കേന്ദ്രങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ആദ്യ സ്ഫോടന പരമ്പര നടന്നപ്പോള്‍ തന്നെ പലരും ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിലേക്ക് വിരല്‍ചൂണ്ടിയിരുന്നു. അത്യാധുനിക ആക്രമണരീതികള്‍ പ്രയോഗിച്ചിട്ടുള്ള മൊസാദിന്റെ ചരിത്രമാണ് ആരോപണം ശക്തിപ്പെടുത്തുന്നത്.