Site icon Janayugom Online

ഗാസയില്‍ ആക്രമണം പുനരാരംഭിച്ച് ഇസ്രയേല്‍: ആദ്യ രണ്ട് മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 14 പലസ്തീനികള്‍

gaza

വെടിനിര്‍ത്തല്‍ ഒരു ദിവസംകൂടി നീട്ടുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഗാസയ്ക്കുനേരെ ആക്രമണം പുനരാരംഭിച്ച് ഇസ്രയേല്‍. ഒരാഴ്ചനീണ്ട വെടിനിര്‍ത്തല്‍ അവസാനിച്ചിരിക്കെയാണ് ഹമാസ് ഉടമ്പടി ലംഘിച്ചെന്നാരോപിച്ച് ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ആദ്യ രണ്ട് മണിക്കൂറിനിടെ 14 ഓളം പലസ്തീനികള്‍ കൊല്ലപ്പെട്ടതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിനുനേരെ റോക്കറ്റ് തൊടുത്തുവിട്ട ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നു. റോക്കറ്റ് തകർത്തെങ്കിലും വെടിനിര്‍ത്തല്‍ കരാറിന്റെ വലിയ ലംഘനമാണ് ഹമാസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഐഡിഎഫ് ആരോപിച്ചു. 

ഗാസ മുമ്പിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ ആക്രമണങ്ങള്‍ തൊടുത്തുവിടുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നവംബര്‍ 24ന് ആയിരുന്നു വെടിനിര്‍ത്തല്‍ ആരംഭിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാര്‍ വെള്ളിയാഴ്ച രാവിലെവരെ നീട്ടിയിരുന്നു. യുദ്ധം ഉടന്‍ പുനരാരംഭിക്കരുതെന്നും വെടിനിര്‍ത്തല്‍ കൂടുതല്‍ദിവസത്തേക്ക് നീട്ടണമെന്നും അന്താരാഷ്ട്രതലത്തില്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദം ശക്തമായിരുന്നു. വെടിനിർത്തലിനു ശേഷം 105 ബന്ദികളെ ഹമാസും ജയിലില്‍ കഴിഞ്ഞിരുന്ന 210 പലസ്തീന്‍ തടവുകാരെ ഇസ്രയേലും വിട്ടയച്ചിരുന്നു. ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1200 ഇസ്രയേല്‍ക്കാരും ഇതിനുശേഷം ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 14,000 പലസ്തീന്‍കാരുമാണ് ഇതുവരെ കൊല്ലപ്പെട്ടത്.

Eng­lish Sum­ma­ry: Israel resumes attacks on Gaza: 14 Pales­tini­ans were killed in the first two hours

You may also like this video

Exit mobile version