ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 20 പേർ കൊല്ലപ്പെടുകയും 80‑ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ഒദ്യോഗിക വൃത്തങ്ങൾ. ജനസാന്ദ്രതയേറിയ റിമാൽ പരിസരത്തായിരുന്നു ആദ്യ ആക്രമണം നടന്നത്. ഒരു കാറിന് മേൽ സ്‌ഫോടക വസ്തുക്കൾ പതിക്കുകയായിരുന്നുവെന്നും അവിടെ അഞ്ചുപേർ മരിച്ചുവെന്നും റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. മരിച്ച അഞ്ചുപേർ കാറിലെ യാത്രക്കാരാണോ അതോ വഴിയാത്രക്കാരാണോ എന്ന് വ്യക്തമായിട്ടില്ല. തൊട്ടുപിന്നാലെ, മധ്യ ഗാസയിലെലെ ദെയർ അൽ-ബലാഹ് നഗരത്തിൽ രണ്ട് വീടുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ രണ്ട് വ്യത്യസ്ത വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
ശനിയാഴ്ച പടിഞ്ഞാറൻ ഗാസ സിറ്റിയിലെ വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും ഒരുപാട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 20 ആയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
വെടിനിർത്തൽ ലംഘനത്തിൽ ഇസ്രയേലും ഹമാസും പരസ്പരം പഴിചാരുകയാണ്. തെക്കൻ ഗാസയിലേക്ക് സഹായം എത്തിക്കുന്ന പ്രവിശ്യയിലെ പാത ഹമാസ് ദുരുപയോഗം ചെയ്തുവെന്നും ഇത് വെടിനിർത്തൽ കരാറിന്റെ നഗ്‌നമായ ലംഘനമാണെന്നും ഇസ്രായേൽ സൈന്യം ആരോപിച്ചു.
രണ്ടു വർഷം നീണ്ട യുദ്ധത്തിൽ ഒക്ടോബർ 10‑ന് നിലവിൽ വന്ന വെടിനിർത്തൽ സംഘർഷത്തിന് അയവ് വരുത്തുകയും, ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഗാസയിലെ തകർന്നടിഞ്ഞ പ്രദേശങ്ങളിലേക്ക് മടങ്ങിവരാൻ വഴിയൊരുക്കുകയും ചെയ്തിരുന്നു.

