Site iconSite icon Janayugom Online

ഗാസയുടെ 75 ശതമാനവും പിടിച്ചടക്കാൻ ഇസ്രയേല്‍

സെെനിക നടപടി വിപുലീകരിക്കുന്നതിലൂടെ ഗാസയുടെ 75 ശതമാനം പ്രദേശങ്ങളും കീഴടക്കാന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. മുനമ്പില്‍ അവശേഷിക്കുന്ന പലസ്തീനികളെ മൂന്ന് പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് ഇസ്രയേലിന്റെ നീക്കം. ഗിഡിയോൺസ് ചാരിയറ്റ്സ് എന്ന രഹസ്യനാമമുള്ള 10 ദിവസം നീണ്ടുനിൽക്കുന്ന ഈ ഓപ്പറേഷൻ ഹമാസിനെ പരാജയപ്പെടുത്താനും ബന്ദികളെ മോചിപ്പിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഗാസ മുഴുവൻ ഒടുവിൽ ഇസ്രയേൽ സൈന്യം ഏറ്റെടുക്കുമെന്നും നെതന്യാഹു പ്രഖ്യാപിച്ചു. എന്നാല്‍ ഗാസയിലെ യുദ്ധാനന്തര പദ്ധതികളൊന്നും അദ്ദേഹം വിശദീകരിച്ചില്ല. 

226 ചതുരശ്ര കിലോമീറ്റർ (141 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഗാസയിലെ മുഴുവൻ ജനങ്ങളെയും മുനമ്പിന്റെ 25 ശതമാനം ഉൾക്കൊള്ളുന്ന മൂന്ന് മേഖലകളിലേക്ക് മാറ്റും. തെക്കൻ മവാസി മേഖല, മധ്യ ഗാസ, വടക്ക് ഗാസ നഗരം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇസ്രയേലി സൈന്യം ഈ റിപ്പോർട്ടുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ ഗാസയുടെ 40 ശതമാനത്തോളം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് സെെന്യത്തിന്റെ അവകാശവാദം.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച ഗാസ കുടിയൊഴിപ്പിക്കല്‍ പദ്ധതി നടപ്പിലാക്കാനും നെതന്യാഹുവിന് പങ്കുണ്ട്. യുദ്ധം അവസാനിക്കുന്നതുകാണാനാണ് ആഗ്രഹമെന്ന് ട്രംപ് പറയുമ്പോഴും, യുദ്ധനാന്തരം പലസ്തീനികളെ കുടിയൊഴിപ്പിക്കുക തന്നെയാണ് ലക്ഷ്യം. സൈനിക നീക്കത്തിന് സമാന്തരമായി, ഗാസയിലെ സിവിലിയൻ ജനസംഖ്യയുടെ പകുതിയോളം പേർക്ക് ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ യുഎസ് പിന്തുണയുള്ള സഹായ വിതരണ സംരംഭവും ഇസ്രയേൽ ആരംഭിച്ചിരുന്നു. എന്നാല്‍ യുഎസും ഇസ്രയേലും പിന്തുണയ്ക്കുന്ന സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള ലാഭേച്ഛയില്ലാത്ത സംഘടനയായ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) എക്സിക്യൂട്ടീവ് ഡയറക്ടർ ജെയ്ക്ക് വുഡിന്റെ രാജി സഹായ വിതരണത്തിന് തിരിച്ചടിയായി.
മാനവികത, നിഷ്പക്ഷത, സ്വാതന്ത്ര്യം എന്നീ മാനുഷിക തത്വങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഈ പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്ന് പ്രസ്താവിച്ചാണ് വു‍ഡ് സ്ഥാനമൊഴിഞ്ഞത്. സംഘടനയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു. യുഎസ് പിന്തുണയുള്ള പദ്ധതി നിഷ്പക്ഷമോ സ്വതന്ത്രമോ അല്ലാത്തതിനാൽ അതിൽ പങ്കാളിയാകില്ലെന്ന് യുഎൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Exit mobile version