പലസ്തീനു നേരെ കുറച്ചു ദിവസങ്ങളായി ഇസ്രയേലിന്റെ നിഷ്ഠുരമായ അതിക്രമങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പലസ്തീന്‍ പ്രദേശമായ വെസ്റ്റ് ബാങ്കിലെ ജെനിനിൽ അഭയാർത്ഥി ക്യാമ്പിന് നേരെ വെടിവയ്പില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതിനുപിന്നാലെ ഗാസയിലും വ്യോമാക്രമണമുണ്ടായി. പലസ്തീനെതിരായ ഇസ്രയേല്‍ അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനുമുള്ള അവകാശം അംഗീകരിക്കണമെന്നും ലോക ജനത ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഇസ്രയേല്‍ അതിക്രമങ്ങള്‍ ശക്തിപ്പെടുത്തിയിരിക്കുന്നത്. ജെനിനില്‍ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ വ്യാഴാഴ്ചയാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം വയോധികയടക്കം രണ്ട് പൗരന്മാരും കൊല്ലപ്പെട്ടു. ജെനിനില്‍ തമ്പടിച്ചിരിക്കുന്ന ഭീകരരെ പിടികൂടാന്‍ നടത്തിയ ദൗത്യമെന്നാണ് അതിക്രമത്തെ ഇസ്രയേല്‍ ന്യായീകരിക്കുന്നത്. ഭീകരര്‍ സൈന്യത്തിനുനേരെ വെടിവച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നുവെന്നും അവര്‍ അവകാശപ്പെടുന്നു. പക്ഷേ ജെനിന്‍ അക്രമത്തിനു പിന്നാലെ കുട്ടികളുടെ ആശുപത്രിക്കുനേരെയും അക്രമമുണ്ടായി. ദക്ഷിണ ഗാസയില്‍ 13 തവണ വ്യോമാക്രമണമുണ്ടായെന്നാണ് പലസ്തീന്‍ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ മുപ്പതിലധികം പേര്‍ വെസ്റ്റ് ബാങ്കില്‍ മാത്രം ആക്രമണങ്ങളില്‍ മരിച്ചിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഒരുവര്‍ഷത്തിനിടെ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലുമായി 150ലധികം പലസ്തീനികളും ഇസ്രയേലുകാരായ 29 പേരും കൊല്ലപ്പെട്ടു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസ മുനമ്പും ഇസ്രയേലും പരസ്പരം റോക്കറ്റ് ആക്രമണവും നടത്തുന്നുണ്ട്. ഇതിനിടെ വെള്ളിയാഴ്ച കിഴക്കൻ ജറുസലേമിലെ സിനഗോഗിന് പുറത്തുണ്ടായ ആക്രമണങ്ങളില്‍ ഏഴ് ഇസ്രയേലികള്‍ മരിച്ചു. ജറുസലേമിലും വെസ്റ്റ് ബാങ്കിലും ഇസ്രയേലി കുടിയേറ്റക്കാരും പലസ്തീനികളും തമ്മിലുള്ള ഏറ്റുമുട്ടലുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തിങ്കളാഴ്ച വെസ്റ്റ് ബാങ്കിലെ ഹെര്‍ബണില്‍ ഒരാളെ വെടിവച്ച് കൊന്ന സംഭവവുമുണ്ടായി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ സന്ദര്‍ശനത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുകൂടി വായിക്കൂ: യുദ്ധഭൂമിയിലെ കുറേ സന്ധ്യകള്‍
പലസ്തീനെ പിടിച്ചടക്കുന്നതിന് ഇതിന് മുമ്പ് നടന്ന, വര്‍ഷങ്ങള്‍ നീണ്ട ആക്രമണങ്ങള്‍ വിഫലമായതിനെ തുടര്‍ന്ന് മൂന്നാം ശ്രമം ആരംഭിച്ചുവെന്നാണ് പുതിയ ആക്രമണത്തിന്റെ സാഹചര്യത്തില്‍ വിലയിരുത്തപ്പെടുന്നത്. അതോടൊപ്പംതന്നെ സ്വന്തം തട്ടകത്തില്‍ നെതന്യാഹു ഭരണം നേരിടുന്ന ശക്തമായ ജനകീയ പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നും ആരോപിക്കപ്പെടുന്നുണ്ട്. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ ഒരുമാസം മുമ്പ് കൂടുതല്‍ വലതുപക്ഷ ആശയങ്ങളോട് ചേര്‍ന്നതും അറബ് വിരുദ്ധതയിലൂന്നിയതുമായ സര്‍ക്കാരാണ് അധികാരമേറ്റത്. അന്നുമുതല്‍ രാജ്യത്ത് ശക്തമായ പ്രക്ഷോഭം നടന്നു വരികയാണ്. ജറുസലേം, ടെല്‍ അവീവ്, ഹയിഫ, ബീര്‍ഷെബ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം ആയിരക്കണക്കിനു പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ആഗോളമാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ ദിവസം ടെല്‍ അവീവില്‍ 40,000, ഹയിഫയില്‍ 13,000ത്തിലധികം പേര്‍ പ്രതിഷേധത്തിന്റെ ഭാഗമായി. ഈ വിധത്തില്‍ ശക്തമായ പ്രതിഷേധം സ്വന്തം നാട്ടില്‍ നടക്കുമ്പോള്‍ ദേശീയവികാരം ഉണര്‍ത്തി അനുഭാവം നേടുന്നതിനുള്ള നീക്കമാണ് പുതിയ അക്രമ പരമ്പരകളെന്ന് വ്യക്തമാണ്. പലസ്തീന്റെ സ്വതന്ത്രപരമാധികാരത്തിനുവേണ്ടി നിലപാടെടുക്കുന്ന പുരോഗമന ശക്തികള്‍ക്കൊപ്പം തന്നെ ഭീകരനിലപാടുകളുള്ളവരും മേഖലയിലുണ്ട്. പലസ്തീനികള്‍ക്കുനേരെയുള്ള ആക്രമണങ്ങളോട്, പ്രദേശത്തെ ഇസ്രയേലികളെ വേട്ടയാടിയാണ് ഭീകരര്‍ പ്രതികാരം ചെയ്യുന്നത്. അതുവഴി പ്രാദേശിക‑ദേശീയതാ വികാരങ്ങള്‍ സൃഷ്ടിക്കാമെന്ന കുബുദ്ധിയും പലസ്തീനെതിരായ പുതിയ ആക്രമണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന നിഗമനത്തില്‍ തെറ്റുണ്ടാവില്ല.
ഇതുകൂടി വായിക്കൂ: പലസ്തീനില്‍ അശാന്തി പടര്‍ത്തുന്ന ഇസ്രയേലി ഭരണമാറ്റം
എന്തായാലും ഒരു ജനതയുടെ സ്വത്വത്തെ നശിപ്പിച്ചും പ്രദേശത്തെ വിഭവങ്ങള്‍ കവര്‍ന്നെടുത്തും ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ അംഗീകരിക്കാവുന്നതല്ല. പുതിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പലസ്തീനിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നതുപോലെ ഇസ്രയേലിന്റെ അതിക്രമങ്ങള്‍ അവസാനിക്കുന്നതിന് ഏറ്റവും അനിവാര്യമായി നടക്കേണ്ടത് പലസ്തീന്റെ സ്വത്വം അംഗീകരിക്കുകയും സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുക എന്നുള്ളതുതന്നെയാണ്. നമുക്കെല്ലാവർക്കും വേണ്ടിയുള്ള ഒരു രാഷ്ട്രം, സ്വതന്ത്ര മതേതര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളുടെ സൃഷ്ടിയാണുണ്ടാകേണ്ടതെന്നും അതിനായി ലോകരാജ്യങ്ങള്‍ കൂടെനില്ക്കണമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അഭ്യര്‍ത്ഥിക്കുന്നുണ്ട്. സ്വന്തം പരമാധികാരം അംഗീകരിച്ചു കിട്ടുന്നതിനായി ഒരു ജനത നയിക്കുന്ന പോരാട്ടങ്ങളെ അടിച്ചമര്‍ത്തുവാന്‍ ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന അതിക്രമങ്ങളാണ് പലസ്തീനിലെ ജീവനാശത്തിനും ചോരപ്പുഴയൊഴുക്കിനും കാരണമായി തുടരുന്നത്. ഇവിടെ പലസ്തീനൊപ്പം നില്ക്കുകയെന്നതാണ് സ്വാതന്ത്ര്യവും പരമാധികാരവും ജനാധിപത്യമൂല്യങ്ങളും സുപ്രധാനമെന്ന് വിശ്വസിക്കുന്ന ലോകത്തെ മുഴുവന്‍ ജനങ്ങളുടെയും രാജ്യങ്ങളുടെയും ഉത്തരവാദിത്തം.