Site iconSite icon Janayugom Online

ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം; കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 32 പേർ മരിച്ചു

ഗാസയിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണ പരമ്പരയിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 32 പേർ കൊല്ലപ്പെട്ടു. ഒക്ടോബറിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനുശേഷം ഉണ്ടായ ഏറ്റവും ശക്തമായ ആക്രമണമാണിതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. തെക്കൻ നഗരമായ ഖാൻ യൂനിസിൽ പലായനം ചെയ്തവർ താമസിച്ചിരുന്ന ടെന്റുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും നേരെ ഹെലികോപ്റ്ററുകൾ ആക്രമണം നടത്തി. വെടിനിർത്തൽ കരാർ ഹമാസ് ലംഘിച്ചതിനുള്ള മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ഹമാസിന്റെ ആയുധപ്പുരകളും വിക്ഷേപണ കേന്ദ്രങ്ങളും കമാൻഡർമാരെയുമാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ അറിയിച്ചു.

എന്നാൽ ഈ ആക്രമണം വംശഹത്യയുടെ തുടർച്ചയാണെന്നും ഉടൻ ഇടപെടണമെന്നും ഹമാസ് അമേരിക്കയോട് ആവശ്യപ്പെട്ടു. ഒക്ടോബർ 10ന് വെടിനിർത്തൽ ആരംഭിച്ചതിനുശേഷം മാത്രം 509 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇതിനിടെ, ഈ ആഴ്ച ഇസ്രായേൽ ബന്ദിയുടെ മൃതദേഹം കണ്ടെടുത്തതിനെത്തുടർന്ന് ഈജിപ്തുമായുള്ള അതിർത്തിയായ റഫ ക്രോസിംഗ് ഞായറാഴ്ച വീണ്ടും തുറക്കാനിരിക്കെയാണ് ഈ പുതിയ സംഘർഷം. ഖത്തറും ഈജിപ്തും ഇസ്രായേലിന്റെ നടപടിയെ അപലപിക്കുകയും സംയമനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 2023 ഒക്ടോബറിൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ എഴുപതിനായിരത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Exit mobile version