സിറിയയില്‍ വ്യോമാക്രണം കടുപ്പിച്ച് ഇസ്രയേല്‍. ഇസ്രയേലുമായി പ്രശ്നത്തിന് ഇല്ലെന്ന് വിമത നേതാവ് വ്യക്തമാക്കിയതിനു പിന്നാലെയാണ് നിരവധി സ്ഥലങ്ങളില്‍ വ്യോമാക്രമണം നടന്നത്. അഞ്ച് മണിക്കൂറിനുള്ളിൽ സിറിയൻ സൈനിക കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ 61 മിസൈലുകൾ തൊടുത്തുവിട്ടതായി ബ്രിട്ടീഷ് ആസ്ഥാനമായുള്ള സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് പറഞ്ഞു.
മിസൈൽ, രാസായുധ പദ്ധതിയുമായി ബന്ധപ്പെട്ട താവളങ്ങൾ, ആയുധങ്ങൾ, സൈറ്റുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. ഇസ്രയേലിന്റെ സുരക്ഷ പരിഗണിച്ചാണ് ആക്രമണമെന്ന് നെതന്യാഹു ന്യായീകരിക്കുന്നു. അവിടെ സ്ഥിരമായി തങ്ങില്ലെന്നും താൽകാലിക നീക്കമാണെന്നും നെതന്യാഹു വിശദീകരിച്ചിരുന്നു.
സിറിയയ്‌ക്കെതിരായ ആക്രമണങ്ങളെ ന്യായീകരിക്കാൻ ഇസ്രയേൽ തെറ്റായ വാദങ്ങൾ ഉപയോഗിക്കുകയാണെന്നും രാജ്യ പുനര്‍നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ പുതിയ സംഘർഷങ്ങളിൽ ഏർപ്പെടാൻ താല്പര്യമില്ലെന്നും എച്ച്ടിഎസ് നേതാവ് അബു മുഹമ്മദ് അൽ‑ജുലാനി പറഞ്ഞു. സ്ഥിരത ഉറപ്പാക്കാനുള്ള ഏക മാർഗം നയതന്ത്ര പരിഹാരങ്ങൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിറിയയ്ക്കും അധിനിവേശ ഗോലാൻ കുന്നുകൾക്കുമിടയിൽ സ്ഥിതി ചെയ്യുന്ന മേഖലയില്‍ നിന്ന് ഇസ്രയേൽ പിന്മാറണമെന്ന് യുഎൻ ആവശ്യപ്പെട്ടു. സിറിയയുടെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും ലംഘനങ്ങളിൽ ആശങ്കാകുലനാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ എന്നീ രാജ്യങ്ങളും മേഖലയിൽ നിന്ന് ഇസ്രയേലിനോട് പിന്മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രയേലിനു പുറമേ കുര്‍ദുകളും വിമത സംഘത്തിന് പ്രതിസന്ധിയായി മുന്നിലുണ്ട്. വടക്കുകിഴക്കൻ സിറിയയിൽ കുർദുകൾ ഉയർത്തുന്ന ഭീഷണിയെ നേരിടാൻ തന്നെയാണ് എച്ച്ടിഎസ് തീരുമാനം. കുർദുകളുടെ പിന്തുണയുള്ള സിറിയൻ ഡിഫെൻസ് ഫോഴ്സും തുർക്കി പിന്തുണയ്ക്കുന്ന സിറിയൻ നാഷണൽ ഫോഴ്സും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. നിർണായക പ്രദേശങ്ങളുടെ അധികാരം ഉറപ്പാക്കാൻ വേണ്ടിയാണ് പോരാട്ടം. ഡിസംബർ നാലുമുതൽ ഇതുവരെ നിരവധിപ്പേരാണ് കുർദുകളുടെ ഭാഗത്ത് കൊല്ലപ്പെട്ടത്.
അതിനിടെ സിറിയയുടെ പുനർനിർമ്മാണവും ഭാവിയും ലക്ഷ്യമാക്കി നീങ്ങുകയാണ് അറബ് കൂട്ടായ്മയും അമേരിക്കയും. ഇസ്രയേൽ അധിനിവേശവും കുർദുമേഖലയിലെ പ്രശ്നങ്ങളും പരിഗണനയിൽ ഉണ്ട്. എട്ട് അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയും ജോർദാനിൽ യോഗം ചേർന്നു. എച്ച്ടിഎസുമായി അമേരിക്ക നേരിട്ട് ബന്ധം പുലർത്തുന്നുണ്ടെന്ന് ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി.