Site iconSite icon Janayugom Online

നെതന്യാഹുവിന്റെ ഉത്തരവിനു പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; 18 പേര്‍ കൊല്ലപ്പെട്ടു

ഹമാസ് വെടിനിർത്തൽ നിരന്തരം ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ആഹ്വാനത്തിനു പിന്നാലെ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തെക്കൻ റഫയിൽ വെടിവയ്പ്പിനിടെ ഒരു ഇസ്രായേലി സൈനികന് പരിക്കേറ്റതിനെ തുടർന്നാണ് നെതന്യാഹു ‘ശക്തമായ തിരിച്ചടി’ നടത്താൻ സൈന്യത്തിനോട് ഉത്തരവിട്ടതെന്നാണ് റിപ്പോർട്ടുകൾ. 

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മധ്യസ്ഥതയിൽ ഒക്ടോബർ 10‑ന് നിലവിൽ വന്ന ഇസ്രായേൽ‑ഹമാസ് സമാധാനക്കരാറിന് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണിതെന്നാണ് വിലയിരുത്തൽ. വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇസ്രായേൽ ഏകദേശം 125 ഓളം ലംഘനങ്ങൾ നടത്തിയെന്ന് ഗാസയുടെ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചിരുന്നു. ഈ കാലയളവിൽ ഇസ്രായേൽ ആക്രമണത്തിൽ മാത്രം 94 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തി, വെടിനിർത്തൽ കരാർ ലംഘിച്ചതായി വ്യക്തമാക്കിയ ഹമാസിൻ്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് മൃതദേഹം കൈമാറ്റം ചെയ്യുന്നത് മാറ്റിവെച്ചു. ഇസ്രായേലിൻ്റെ ആക്രമണം മൃതദേഹങ്ങൾക്കായുള്ള തിരച്ചലിനേയും വീണ്ടെടുക്കലിനേയും തടസ്സപ്പെടുത്തുമെന്നും ഇത് കൈമാറ്റത്തിൽ കാലതാമസമുണ്ടാക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകി.

Exit mobile version