യുഎസ്-ഇസ്രായേൽ ആക്രമണത്തിന്‍റെ ഭാഗമായി അയച്ച മിസൈലുകൾ പതിച്ച് രണ്ട് സ്കൂളുകൾ കൂടി തകർന്നുവെന്ന് ഇറാനിലെ വാർത്താ ഏജൻസി. ഇറാന്‍റെ തെക്ക് പടിഞ്ഞാറുള്ള പരൻഡ് ടൗണിലെ സ്കൂളുകൾക്ക് നേരെ ആക്രമണം നടന്നത്. ആക്രമണത്തിൽ തകർന്ന സ്കൂൾ കെട്ടിടങ്ങളുടെ ചിത്രങ്ങൾ ഏജൻസി പുറത്തു വിട്ടു. സമീപത്തുള്ള ജനവാസ മേഖലയിലും ആക്രമണത്തിൽ കാര്യമായ നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ദിവസം യുഎസ്-ഇസ്രായേൽ മിനാബിലെ പ്രൈമറി സ്കൂളിനു നേർക്ക് നടത്തിയ ബോംബാക്രമണത്തിൽ 160ഓളം കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്. ഇതിനിടെ ഇസ്രായേലിൽ റഡാർ സൈറ്റിൽ ഉൾപ്പെടെ തങ്ങൾ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം വ്യാഴാഴ്ച അറിയിച്ചു. പേർഷ്യൻ ഗൾഫിന്റെ വടക്കൻ മേഖലയിൽ അമേരിക്കൻ എണ്ണക്കപ്പൽ തങ്ങൾ ആക്രമിച്ചതായി ഇറാന്റെ ഇസ്‌ലാമിക് റെവലൂഷനറി ഗാർഡ് അവകാശപ്പെട്ടു. ആക്രമണത്തെത്തുടർന്ന് കപ്പൽ തീപിടിച്ച നിലയിലാണെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനിയൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഇറാന്റെ പ്രത്യാക്രമണമുണ്ടായത്.

