Site icon Janayugom Online

ഐഎസ്ആര്‍ഒയുടെ അടുത്ത ലക്ഷ്യം ശുക്രന്‍

ചന്ദ്രയാൻ 3ന്റെ വിജയത്തിന് ശേഷം ശുക്രനിലേക്കുള്ള പ്രയാണത്തിനായി തയ്യാറെടുത്ത് ഐഎസ്ആര്‍ഒ. ശുക്രയാൻ 1 എന്ന് അനൗദ്യോഗികമായി നാമകരണം ചെയ്ത പദ്ധതിക്കുള്ള പേലോഡുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാൻ എസ് സോമനാഥ് പറഞ്ഞു. ചന്ദ്രയാൻ 3ന്റെ വിജയത്തിനും ആദിത്യ എല്‍1 വിക്ഷേപണത്തിനും ശേഷം രാജ്യം ഏറെ പ്രതീക്ഷ വയ്ക്കുന്നതാണ് പുതിയ പദ്ധതിയെന്നും സോമനാഥ് പറഞ്ഞു. ശുക്രന്റെ കാലാവസ്ഥ, ഭൂമിയിലുണ്ടാക്കുന്ന സ്വാധീനം എന്നിവ കണ്ടെത്തുന്നതിന് രണ്ട് പേടകങ്ങള്‍ അയയ്ക്കാനാണ് പദ്ധതിയെന്ന് ഇന്ത്യൻ നാഷണല്‍ സയൻസ് അക്കാദമിയില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തില്‍ സോമനാഥ് പറഞ്ഞു.

ശുക്രന്റെ അന്തരീക്ഷം കാഠിന്യമുള്ളതാണെന്നും അതിലേക്ക് കടക്കാനാകില്ലെന്നും ഉപരിതലത്തിന്റെ കാര്യം പഠനവിധേയമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുടെ സഹോദര ഗ്രഹം എന്നറിയപ്പെടുന്ന ശുക്രന്റെ ഉപരിതലം, അന്തരീക്ഷം എന്നിവ പരിശോധിക്കുകയാണ് ദൗത്യത്തിന്റെ ഉദ്ദേശം. നാസയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കട്ടിയേറിയതും വിഷമയവുമായ മേഘങ്ങള്‍ നിറഞ്ഞതാണ് ശുക്രൻ. സൂര്യന്റെ വികിരണവും ഉപരിതലത്തിലെ മറ്റ് കണങ്ങളും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിനും ശുക്രയാൻ സഹായകമാകുമെന്നാണ് പ്രതീക്ഷ. ഭാവിയില്‍ ശുക്രന്‍ താമസയോഗ്യമാകുമോ എന്നും ദൗത്യം പഠിക്കും. ചൊവ്വയില്‍ പേടകമിറക്കാൻ ഇന്ത്യക്ക് പദ്ധതിയുണ്ട്.

എന്നാല്‍ ശുക്രയാൻ എന്ന് വിക്ഷേപിക്കുമെന്നോ മറ്റ് വിവരങ്ങളോ ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടില്ല. 2012ലാണ് ശുക്രയാൻ ദൗത്യമെന്ന ആശയം ആദ്യമായി ഉടലെടുക്കുന്നത്. 2017–18 ബജറ്റില്‍ ബഹിരാകാശ വകുപ്പിനുള്ള ബജറ്റ് വിഹിതം 23 ശതമാനം വര്‍ധിപ്പിച്ചതിലൂടെ ബഹിരാകാശ ഗവേഷണ കേന്ദ്രം പ്രാഥമിക പഠനം ആരംഭിച്ചു. അതേ വര്‍ഷം തന്നെ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിച്ചു.

അതേ സമയം ചന്ദ്രയാൻ 3ന്റെ പ്രഗ്യാൻ റോവറിനെയും വിക്രം ലാൻഡറിനെയും ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ ഐഎസ്ആര്‍ഒ ഇന്ന് അവസാനിപ്പിച്ചേക്കും. ആശയബന്ധം പുനഃസ്ഥാപിക്കാന്‍ നിരവധി തവണ ശ്രമം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ഇന്ന് ചന്ദ്രനില്‍ സൂര്യൻ അസ്തമിക്കുന്ന സാഹചര്യത്തില്‍ ശ്രമം അവസാനിപ്പിക്കാനാകും ഐഎസ്ആര്‍ഒയുടെ തീരുമാനം. ഈ മാസം രണ്ടിന് ചന്ദ്രനില്‍ സൂര്യാസ്തമയമായതോടെ ലാൻഡറും റോവറും സ്ലീപ്പ് മോഡിലേക്ക് മാറ്റിയിരുന്നു.

Eng­lish Sum­ma­ry: ISRO chief announces spe­cial Venus mission
You may also like this video

Exit mobile version