ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക ചുവടുവയ്പുമായി ഐഎസ്ആര്‍ഒ. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹന (ആര്‍എല്‍വി) ത്തിന്റെ സ്വയംനിയന്ത്രിത ലാന്‍ഡിങ് പരീക്ഷണം വിജയിച്ചു. കര്‍ണാടക ചിത്രദുര്‍ഗയിലെ ഏയ്‌റോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചിലാണ് പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം വിജയകരമായി തിരിച്ചിറക്കിയത്.
ഡിആര്‍ഡിഒയുടെയും വ്യോമസേനയുടെയും സഹകരണത്തോടെയായിരുന്നു പരീക്ഷണം. വിക്ഷേപണ വാഹനങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാനാകുന്ന സാങ്കേതിക വിദ്യ, ചെലവ് കുറഞ്ഞ ബഹിരാകാശ ദൗത്യത്തിന് സഹായകമാകും. തിരുവനന്തപുരം വിഎസ്എസ്‌സിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് ആര്‍എല്‍വി വികസനത്തിന് പിന്നില്‍.
ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തുന്നതിന് സമാനമായ സാഹചര്യങ്ങള്‍ പുനര്‍സൃഷ്ടിച്ചായിരുന്നു പരീക്ഷണം. ഇന്നലെ രാവിലെ 7.10 നാണ് ആര്‍എല്‍വിയുമായി ചിനൂക്ക് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നത്. 4.6 കിലോമീറ്റര്‍ ഉയരത്തിലെത്തിയതോടെ ഹെലികോപ്റ്ററില്‍ നിന്ന് വിക്ഷേപണവാഹനം വേര്‍പ്പെടുത്തി. 30 മിനിറ്റിന് ശേഷം വിക്ഷേപണവാഹനം സ്വയം നിയന്ത്രിത ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കി.
ഹെലികോപ്റ്റര്‍ പേടകത്തെ മോചിപ്പിച്ചു കഴിഞ്ഞാല്‍ ലാന്‍ഡിംഗ് സ്ട്രിപ്പ് എവിടെയെന്ന് കണ്ടെത്തി ദിശാ ക്രമീകരണം നടത്തുകയായിരുന്നു ആദ്യ പടി. വേഗത കൃത്യമായി നിയന്ത്രിച്ച് ഒരു വിമാനം ലാന്‍ഡ് ചെയ്യുന്നതിന് സമാനമായി ആര്‍എല്‍വി പറന്നിറങ്ങി. റണ്‍വേയില്‍ പേടകത്തിന്റെ ചക്രങ്ങള്‍ തൊടുന്നതിന് പിന്നാലെ വേഗത കുറയ്ക്കായി ഒരു പാരച്യൂട്ട് വിടരും. യുഎസിന്റെ സ്പേസ് ഷട്ടിലുകളും ലാന്‍ഡ് ചെയ്തതിന് ശേഷം റണ്‍വേയില്‍ വേഗത കുറയ്ക്കാനായി പാരച്യൂട്ടുകള്‍ ഉപയോഗിച്ചിരുന്നു. ഇതാദ്യമായാണ് സ്വയം നിയന്ത്രണ ലാന്‍ഡിങ് പരിശോധനയ്ക്ക് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.
വാണിജ്യ വിക്ഷേപണ രംഗത്ത് ഇന്ത്യയ്ക്കും ഐഎസ്ആര്‍ഒയ്ക്കും മേൽകൈ നൽകുന്നതാണ് പുനരുപയോഗ വിക്ഷേപണ വാഹനം. പ്രാദേശികമായിട്ടുള്ള നാവിഗേഷന്‍ സംവിധാനങ്ങള്‍, ഇന്‍സ്ട്രുമെന്റേഷന്‍, സെന്‍സര്‍ സിസ്റ്റം എന്നിവ ആര്‍എല്‍വിക്കായി ഐഎസ്‌ആര്‍ഒ വികസിപ്പിച്ചിട്ടുണ്ട്.
English Summary:ISRO successfully conducts autonomous landing of India’s first reusable rocket
You may also like this video