Site iconSite icon Janayugom Online

ഐ എസ് ആർ ഒയുടെ ഏറ്റവും ചെലവേറിയ ദൗത്യം; എൻ ഐ സാർ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ഭൗമനിരീക്ഷണ രംഗത്ത് പുതിയൊരു അധ്യായത്തിന് തുടക്കമിട്ട്, ഇന്ത്യയുടെയും അമേരിക്കയുടെയും സംയുക്ത സംരംഭമായ അത്യാധുനിക ഉപഗ്രഹം എൻ ഐ സാർ (NISAR) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് ഐ എസ് ആർ ഒയുടെ അഭിമാനമായ ജി എസ് എൽ വി-എഫ്16 റോക്കറ്റാണ് എൻ ഐ സാർ സാറ്റലൈറ്റുമായി കുതിച്ചുയർന്നത്. ഐ എസ് ആർ ഒയുടെ എസ് ബാൻഡ് റഡാറും നാസയുടെ എൽ ബാൻഡ് റഡാറുമാണ് നൈസാറിലുള്ളത്. രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമായ എൻ ഐ സാറിന് 13,000 കോടി രൂപയിലേറെയാണ് ആകെ ചെലവ്. 2,400 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഭൂമിയിൽ നിന്ന് 747 കിലോമീറ്റർ അകലത്തിലൂടെ ഭ്രമണം ചെയ്യും. പ്രകൃതി ദുരന്ത മുന്നറിയിപ്പുകൾ നൽകാനും, ദുരന്ത നിവാരണത്തിനും, കാലാവസ്ഥാ നിരീക്ഷണത്തിനും, കാർഷിക മേഖലയിലും എൻ ഐ സാറിൽ നിന്നുള്ള വിവരങ്ങൾ ഏറെ സഹായകമാകും. പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും എൻ ഐ സാർ സാറ്റലൈറ്റിലെ റഡാറുകൾ സൂക്ഷ്മമായി പകർത്തും. നിസാർ ശേഖരിക്കുന്ന വിവരങ്ങൾ പൊതു ഉപയോഗത്തിനായി ഐ എസ് ആർ ഒയും നാസയും സൗജന്യമായി ലഭ്യമാക്കും.

Exit mobile version