Site icon Janayugom Online

ദാരിദ്ര്യം-സൂക്ഷ്മതല സമീപനം

ഈയിടെ പാലക്കാട് ജില്ലയിലെ ചാലിശേരിയില്‍ ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദിവസം ആഘോഷിച്ചു. ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, മന്ത്രിമാര്‍, അക്കാദമിക്കുകള്‍ എന്നിവരുടെ സാന്നിധ്യംകൊണ്ടും വിവിധ ചര്‍ച്ചകള്‍കൊണ്ടും ശ്രദ്ധേയമായിരുന്ന അതില്‍,‍ അതിദാരിദ്ര്യം, മെെക്രോലെവല്‍ പ്ലാനിങ്, മോണിറ്ററിങ് എന്നിവയെക്കുറിച്ചുമുള്ള ഒരു സെഷനില്‍ വളരെ ചുരുങ്ങിയ സമയം മാത്രം ലഭിച്ച എന്റെ ഒരു പ്രസന്റേഷന്‍ ഉണ്ടായിരുന്നു. വിഷയത്തോട് നീതിപുലര്‍ത്താനുള്ള സമയം കിട്ടാത്തതുകൊണ്ട് അവിടേയ്ക്കു കരുതിപ്പോയ ചില കാര്യങ്ങള്‍ ഇങ്ങനെയൊരു ശ്രമത്തില്‍ കൊണ്ടുവരാമെന്നു കരുതി. ദാരിദ്ര്യം സ്പഷ്ടമായ അനുഭവവും, സ്ഥൂല‑സൂക്ഷ്മ സങ്കീര്‍ണതകളടങ്ങിയ പ്രശ്നവുമാണ്. ഒറ്റയടിക്ക്, പ്രോടോ ടെെപ്പ് പ്ലാനിങ്ങുകൊണ്ടോ, കുറേ പണം വകയിരുത്തിയതുകൊണ്ടോ പരിഹരിക്കാവുന്നതല്ല. പല വിഭാഗങ്ങളുടെയും, പല തട്ടുകളിലുള്ളവരുടെയും ദാരിദ്ര്യത്തിന് പല സ്വഭാവമാണുള്ളത്. പരിഹാരവും അതുകൊണ്ടുതന്നെ ഏകരൂപവുമല്ല. സമൂഹത്തിന്റെ ഓരം ചേര്‍ന്നുപോയവര്‍ക്ക് കുറേ പണം നീക്കിവച്ചതുകൊണ്ടായില്ല. അതാണ് എത്ര ചെലവഴിച്ചിട്ടും ദാരിദ്ര്യം ശാശ്വതമായി തുടരുന്നത്. ഉല്പാദനം വര്‍ധിപ്പിച്ച് ദാരിദ്ര്യം ഇല്ലാതാക്കാമെന്ന പൊതുധാരണ തെറ്റാണ്. വിവിധതലങ്ങളിലുള്ള ദാരിദ്ര്യത്തിന്റെ തീവ്രത, കാരണങ്ങള്‍, എല്ലാവരിലും എത്താവുന്ന വെെവിധ്യപൂര്‍ണമായ പദ്ധതികള്‍, അവയുടെ താഴ്ത്തല നിര്‍വഹണങ്ങള്‍, മോണിറ്ററിങ്, വിതരണം, വിവിധ വകുപ്പുകളുടെ ഒത്തുചേരല്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചാലേ, ദാരിദ്ര്യനിര്‍മ്മാര്‍ജനം സാധിക്കൂ. അതിനേറ്റവും പ്രധാനം പഞ്ചായത്ത്, വാര്‍ഡ് മുതലുള്ള പ്ലാനിങ്ങും മോണിറ്ററിങ്ങും തന്നെയാണ്. ഈ സംവിധാനമൊക്കെ ഇവിടെ ഉണ്ടെങ്കിലും അവയൊന്നും കാര്യക്ഷമമായി ഈ കാര്യത്തില്‍ ഇടപെട്ടിരുന്നുമില്ല.

ദാരിദ്ര്യം ഭക്ഷണമില്ലായ്മ മാത്രമല്ല. സെന്‍ പറഞ്ഞതുപോലെ അവസരത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും നിഷേധമാണ്. അവസരനിഷേധം വിദ്യാഭ്യാസമില്ലായ്മയില്‍ നിന്നാണുണ്ടാവുക. അവകാശങ്ങള്‍ അധികാരികളിലെത്തിക്കാന്‍ താഴ്ത്തട്ടിലുള്ളവര്‍ക്ക് വിദ്യാഭ്യാസം അത്യാവശ്യമായ ഘടകമാണ്. വിദ്യാഭ്യാസം എന്നതിന് പൊതുവിദ്യാഭ്യാസം എന്നു മാത്രമല്ല- വിവിധതരം ജോലികള്‍ ചെയ്യാനും വരുമാനമുണ്ടാക്കാനുമുള്ള നെെപുണിയാണാവശ്യം. അതിനാവശ്യമായ ‘സ്കില്‍ പൂള്‍’, ജനങ്ങള്‍ക്ക് കിട്ടാനാവശ്യമായ സംവിധാനം വേണം. അത്തരം പരിശീലനങ്ങള്‍ കഴിഞ്ഞാല്‍, ജോലി തേടി അലയേണ്ട ആവശ്യമുണ്ടാവില്ല. പുതിയ കാലത്ത് എല്ലാ വീടുകളിലും ഇക്ട്രോണിക് സാധനങ്ങളുണ്ട്. അവയുടെ പരിപാലനം, റിപ്പയറിങ് എന്നീ തുറകളില്‍ ഒട്ടേറെ സാധ്യതകളുണ്ട്. മിക്കവര്‍ക്കും മോട്ടോര്‍ വാഹനങ്ങള്‍, മൊബെെല്‍ എന്നിവയുമുണ്ട്. ഇവയുടെ പഠനം അനന്തമായ തൊഴില്‍ സാധ്യത സൃഷ്ടിക്കുന്നു. വെറുതെ കുറേപേരെ പൊതുധാരാ പഠനത്തിനും അതുകഴിഞ്ഞ് ഓഫിസ് ജോലിക്കും വിട്ടിട്ട് തൊഴില്‍ സൃഷ്ടിക്കാന്‍ പണം നീക്കി വച്ചതുകൊണ്ടായില്ല. പഠിപ്പും തൊഴിലില്ലായ്മയും ഒരേ സമയത്ത് നിലനില്ക്കും. വരുമാനമില്ലാതെ ദാരിദ്ര്യം വര്‍ധിക്കാനും ഇടയാവും. വിദ്യാഭ്യാസം കൊണ്ടുമാത്രം ദാരിദ്ര്യം ഇല്ലാതാവില്ല. ഒരു സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് സ്വരൂപിച്ചെടുക്കുന്ന മനുഷ്യശേഷിയാണ് പ്രധാനം. തൊഴിലില്ലായ്മ, വരുമാനം, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇങ്ങനെ വേണം ചിന്തിക്കാന്‍ പൊതു തൊഴില്‍ സൃഷ്ടിച്ചാലും ദാരിദ്ര്യം നിലനില്ക്കും. താഴ്ത്തട്ടില്‍ നിന്ന് ജീവിതാവസ്ഥ അറിയണം. ദരിദ്രരായ പലരും ജോലി ചെയ്യുന്നുണ്ട്.


ഇതുകൂടി വായിക്കൂ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യ


ഏറ്റവും താഴ്ത്തട്ടില്‍ ജോലി ചെയ്തിട്ടും പട്ടിണി മാറ്റാനുള്ള വരുമാനം കിട്ടുന്നില്ല. മെെക്രോലെവല്‍ തൊഴില്‍ സാധ്യത, അതില്‍ നിന്നുള്ള വരുമാനം വിവിധ തട്ടുകളിലെ വരുമാന അസമത്വം തുടങ്ങിയവ ദാരിദ്യ്ര നിര്‍മ്മാര്‍ജന പഠനത്തിലും പ്രാവര്‍ത്തികമാക്കുന്നതിലും കൊണ്ടുവരണം. ഇത്തരം സെമിനാറുകളില്‍ നല്ല സൂചനകള്‍ മുന്നോട്ടുവയ്ക്കപ്പെടുന്നുണ്ട്. പാരമ്പര്യ സ്കില്‍ ഉപയോഗിക്കുന്നവരുണ്ട്. സ്കില്‍ നേടിയവരുമുണ്ട്. അവരുടെ നെെപുണി ആവശ്യമായിട്ടും അതിനെ ഉല്പാദനത്തിലൊ, അവരുടെ വരുമാനത്തിലൊ എത്തിക്കാനാവുന്നില്ല. അവരുടെ തൊഴില്‍ ചൂഷണം ചെയ്യപ്പെടുന്നത് ആരും അറിയാതെയാണ്. ഫലത്തില്‍ അവര്‍ക്ക് പട്ടിണി തന്നെ അനുഭവം. അതിദാരിദ്ര്യം എന്ന അവസ്ഥ തൊഴിലവസരം, വരുമാനം എന്നിവകൊണ്ടും സുസ്ഥിരമായ വരുമാനക്കുറവ് കൊണ്ടും ഉണ്ടാവുന്നതാണ്. ചില വിഭാഗങ്ങളെ തല്‍ക്കാലം സഹായം നല്കി അല്പം ഉയര്‍ത്തിയാലും അവര്‍ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകുന്നതായാണ് അനുഭവം. കീഴോട്ട് പതിക്കാവുന്ന അവസ്ഥയില്‍ നിന്നും അല്പം ഉയരത്തില്‍ത്തന്നെ അവരെ ഉയര്‍ത്തിയാലേ വീണ്ടും ദാരിദ്ര്യത്തിലേക്കെത്താതിരിക്കൂ. ഇതിന് താല്‍ക്കാലിക ധനസഹായം മാത്രം പോര. ദരിദ്രരാക്കുന്ന പല ഘടകങ്ങളുമുണ്ട്. ഉല്പന്നങ്ങളുടെ മാര്‍ക്കറ്റിങ്, ഫെെനാന്‍സിങ്, വിലക്കയറ്റം എന്നിവ കുടുംബങ്ങളെ തകരാറിലാക്കുന്നവയാണ്. അതാണ് കാണുന്നത്ര ലളിതമല്ല ദാരിദ്ര്യമെന്ന പ്രശ്നമെന്നു പറയുന്നത്. ദാരിദ്ര്യവല്‍ക്കരണമെന്ന പ്രക്രിയ ഒരുപാട് ഘടകങ്ങളുടെ പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങള്‍കൊണ്ട് സംഭവിക്കുന്നതാണ്. കോവിഡുകാലത്തെ ഇരുപത് മാസത്തെ അടച്ചുപൂട്ടല്‍ ഏതാണ്ട് മൂന്നര കോടി ജനങ്ങളെ കിഴക്കന്‍ രാജ്യങ്ങളില്‍ മാത്രം, അതിദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു.

ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ യുവാക്കളുടെ തൊഴില്‍ശേഷി മുമ്പുള്ളതിന്റെ 40 ശതമാനം മാത്രമാണ്. അത് പുനരുജ്ജീവിപ്പിച്ച് എടുക്കലാണ് ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന്റെ ആദ്യ ഘടകം. സാമൂഹിക ദാരിദ്ര്യം, ‘ലേണിങ് പോവര്‍ട്ടി’ എന്നിവ കണ്ടെത്തിയ തമിഴ്‌നാടും ബംഗ്ലാദേശുമൊക്കെ ‘ഐഡിയല്‍ പാക്കേജു‘കള്‍ ആരംഭിച്ചുകഴിഞ്ഞു. ഞാന്‍ തന്നെ എന്റെ ചുറ്റുവട്ടത്ത് കണ്ടെത്തിയ ചില കാര്യങ്ങള്‍ സെമിനാറില്‍ പറഞ്ഞു. ഇവിടെ ഒരു കോളനിയില്‍ ഇടിയപ്പം, വെള്ളയപ്പം, ഇഡ്ഡലി, പക്കവട, മുറുക്ക് തുടങ്ങിയവ ഉണ്ടാക്കി പെട്ടിപ്പീടിക മുതല്‍ സാമാന്യം വലിയ ഹോട്ടല്‍ വരെ കൊടുക്കുന്ന സ്ത്രീകളുണ്ട്. അവര്‍ക്ക് കിട്ടുന്നതിന്റെ രണ്ടും മൂന്നും ഇരട്ടിക്കാണ് പെട്ടിക്കടകളും അതിലും വലിയ ഹോട്ടലുകളും വില്ക്കുന്നത്. ഇവരുടെ നിസഹായതയാണ് ചൂഷണം ചെയ്യപ്പെടുന്നത്. ഈ വീട്ടമ്മമാര്‍ക്ക് 10 രൂപ കിട്ടുമ്പോള്‍ 20–25 രൂപയ്ക്കാണ് പെട്ടിക്കടകള്‍ വില്ക്കുന്നത്. മേലോട്ട് 30–40 രൂപ വരെയും. വിപണി അറിയാത്തതുകൊണ്ടും സംഘടിത വില്പനയ്ക്കുള്ള വഴിയില്ലാത്തതുകൊണ്ടുമാണിത്. മെെക്രോലെവല്‍ മോണിറ്ററിങ് കൊണ്ടും ഇവരില്‍ നിന്ന് ന്യായവിലയ്ക്ക് വാങ്ങാവുന്ന താഴ്ത്തല വാങ്ങല്‍ ശൃംഖലകൊണ്ടും ഇത് നേരിടാവുന്നത്. പണിയെടുത്തിട്ടും പട്ടിണി മാറാത്തതിന്റെ കാരണമതാണ്. അവര്‍ക്ക് ഏതെങ്കിലും ഒരു ഏജന്‍സി പണം കൊടുത്തതുകൊണ്ടുമാത്രമായില്ല. ആ പണം ക്രമേണ കച്ചവട നഷ്ടത്തില്‍ ലയിച്ചുപോവും. പറഞ്ഞുവരുന്നത് അധികം സ്കില്‍ ആവശ്യമില്ലാത്ത ലാഭകരമായ ഒട്ടേറെ താഴ്ത്തല തൊഴില്‍ സൗകര്യങ്ങളുണ്ട്. അവ വികസിപ്പിച്ചെടുക്കണം. നേരത്തെ പറഞ്ഞ പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന ചെറിയ വീടുകള്‍. അവര്‍ക്ക് മെച്ചപ്പെട്ട വില കിട്ടണം. തമിഴ്‌നാട്ടില്‍ നിന്ന് പൂക്കള്‍ കൊണ്ടുവന്ന് ചെറിയ വീടുകളിലെത്തിക്കുന്നുണ്ട്. അതിരാവിലെ സ്ത്രീകള്‍ അത് മാല കെട്ടി, കിലോയ്ക്ക് ഒരു പ്രത്യേക നിരക്കില്‍ കൂലി വാങ്ങുന്നുണ്ട്. ഇവിടത്തെ ഒരു പ്രശസ്ത കോളജിലെ കുട്ടികള്‍, ടൗണില്‍ നടക്കുന്ന സദ്യകളില്‍ വിളമ്പുകാരായിപ്പോയി ആയിരം രൂപയോളം ദിനംപ്രതി ഉണ്ടാക്കുന്നുണ്ട്. ഇങ്ങനെ ഒട്ടേറെ അനൗദ്യോഗിക തൊഴിലവസരങ്ങള്‍ വികസിപ്പിച്ചാല്‍, ദാരിദ്ര്യമെന്ന ബഹുതലപ്രശ്നം നേരിടാനാവും. അതിന് മെെക്രോ ഫെെനാന്‍സിങ്ങും മോണിറ്ററിങ്ങുമാണ് വേണ്ടത്. ദാരിദ്ര്യം ഒരു സിദ്ധാന്തമല്ല, അനുഭവമാണ്.

Exit mobile version