Site iconSite icon Janayugom Online

ഇതരജാതിയില്‍പ്പട്ട യുവതിയെ പ്രണയിച്ചതിന് ഐടി ജീവനക്കാരനായ യുവാവിനെ വെട്ടിക്കൊന്നു

ഇതരജാതിയില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന് തിരുനല്‍വേലിയില്‍ ഐടി ജീവനക്കാരനായ ദളിത് യുവാവിനെ വെട്ടിക്കൊന്നു.തൂത്തുക്കുടി ജില്ലയിലെ ഐരാല്‍ സ്വദേശികളായ ചന്ദ്രശേഖര്‍-സെല്‍വി ദമ്പതിമാരുടെ മകന്‍ കെവിന്‍ കുമാര്‍ (26) ആണ് മരിച്ചത്. കൊലപാതകത്തിനുശേഷം പളയങ്കോട്ട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ യുവതിയുടെ സഹോദരന്‍ സുര്‍ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുത്തച്ഛനെ സിദ്ധചികിസയ്ക്കായി കൊണ്ടുവന്ന് ആശുപത്രിക്കു വെളിയില്‍ നില്‍ക്കുകയായിരുന്ന കെവിന്‍ കുമാറിനെ ബൈക്കിലെത്തിയ സുര്‍ജിത്ത് വടിവാള്‍കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് അവിടെനിന്ന് രക്ഷപ്പെട്ട് പൊലീസില്‍ കീഴടങ്ങി. സഹോദരിയോടുള്ള അടുപ്പം അവസാനിപ്പിക്കാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അനുസരിക്കാത്തതുകൊണ്ടാണ് കെവിന്‍ കുമാറിനെ കൊലപ്പെടുത്തിയതെന്ന് സുര്‍ജിത് പൊലീസിനു മൊഴി നല്‍കി.

സുര്‍ജിത്തിന്റെ അച്ഛന്‍ ശരവണനും അമ്മ കൃഷ്ണകുമാരിയും പൊലീസ് സബ് ഇന്‍സ്പെകടര്‍മാരാണ്. മകളുമായി കെവിന്‍ അടുപ്പമുണ്ടായിരുന്നത് അവര്‍ക്ക് അറിയാമായിരുന്നു. ദളിതനായതുകൊണ്ട് അവര്‍ ബന്ധത്തെ ശക്തമായി എതിര്‍ത്തു. എന്നിട്ടും ബന്ധത്തില്‍നിന്നു പിന്‍മാറാന്‍ കെവിന്‍ കുമാര്‍ കൂട്ടാക്കിയില്ലെന്നു പറയുന്നു. ഇതേത്തുടര്‍ന്നാണ് കെവിന്‍ കുമാറിനെ കൊല്ലാന്‍ സുര്‍ജിത്ത് തീരുമാനിച്ചതെന്നു പൊലീസ് പറഞ്ഞു. ചെന്നൈയില്‍ ടിസിഎസില്‍ ജീവനക്കാരനായിരുന്നു കെവിന്‍.

മൃതദേഹം ഏറ്റുവാങ്ങാന്‍ കൂട്ടാക്കാതെ കെവിന്‍ കുമാറിന്റെ കുടുംബവും നാട്ടുകാരും പ്രതിഷേധിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലിസുകാരായതിനാല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ആരോപിച്ചു. കെവിന്‍ കുമാറിന്റെ അമ്മ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരേ പൊലീസ് കേസെടുത്തു. അച്ഛനെയും അമ്മയെയും ഒന്നും രണ്ടും പ്രതികളും സുര്‍ജിത്തിനെ മൂന്നാം പ്രതിയുമാക്കിയാണ് എഫ്ഐആര്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് അറിയിച്ചു.

Exit mobile version