Site iconSite icon Janayugom Online

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസ് : യുവതി പ്രതിയെ തിരിച്ചറിഞ്ഞു

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ യുവതി പ്രതിയെ തിരിച്ചറിഞ്ഞു. പൊലീസ് നടത്തിയ തിരിച്ചറിയല്‍ പരേഡിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തമിഴ്നാട് സ്വദേശി ബെഞ്ചമിനാണ് അറസ്റ്റിലായത്.പീഡനത്തിന് മുൻപ് സമീപത്തെ മൂന്നു വീടുകളിൽ മോഷണം നടത്തിയെന്ന് പൊലീസ് പറഞ്ഞു.

തമിഴ്നാട്ടിലും ബെഞ്ചമിനെതിരെ നിരവധി കേസുകളുണ്ട്. ട്രക്ക് ഡ്രൈവിങ്ങിനിടെയും യുവതികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ബെഞ്ചമിൻ മൊ‍ഴി നല്‍കിയിട്ടുണ്ട്. തെരുവിൽ കഴിയുന്ന സ്ത്രീകളെയാണ് ബെഞ്ചമിൻ കൂടുതലും പീഡിപ്പിച്ചത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കുമെന്നും തുടർന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.അടുത്തുള്ള സിസിടിവികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുളള വിവിരങ്ങള്‍ ലഭിച്ചത്. 

ഇതിന് പിന്നാലെ പ്രതി പിടിയിലാകുകയായിരുന്നു. ബെഞ്ചമിൻ മധുര സ്വദേശിയാണ്. യുവതി, പ്രതിയെ തിരിച്ചറിയാത്തതിനാല്‍ തന്നെ മുഖംമൂടി ധരിപ്പിച്ചാണ് പൊലീസ് ഇന്നലെ കൊണ്ടുവന്നത്.വെളളിയാഴ്ച പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതി പീഡനത്തിനിരയാകുന്നത്. യുവതി ബഹളം വച്ചപ്പോൾ ബെഞ്ചമിൻ ഓടി രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ ഹോസ്റ്റലുകളിൽ സുരക്ഷ വർധിപ്പിക്കുമെന്നും കഴക്കൂട്ടം കേന്ദ്രീകരിച്ചു പെട്രോളിങ് നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ റജിസ്റ്റർ വേണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

Exit mobile version