Site iconSite icon Janayugom Online

പാലക്കാട് എംഎല്‍എ ഇവിടെ ഇല്ലാത്തത് ആശ്വാസം , അങ്ങനെയുള്ളൊരു വേതാളം ഇവിടെ വേണ്ട : എന്‍ എന്‍ കൃഷ്ണദാസ്

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹൂല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ(എം) നേതാവും മുന്‍ പാലക്കാട് എംപിയുമായ എന്‍ എന്‍ കൃഷ്ണദാസ് .പാലക്കാട് എംഎല്‍എ സ്ഥലത്തില്ലാത്തത് ആശ്വാസമാണെന്നും ‚അങ്ങനെയുള്ള വേതാളം ഇവിടെ വേണ്ട എന്നും അദ്ദേഹം പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ പൊതുവേദിയിൽ വരാൻ അർഹനല്ലെന്നും, അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്നും കൃഷ്ണദാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ലൈംഗിക പീഡന ആരോപണം നേരിട്ടതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിനെ ജനങ്ങൾക്ക് മേൽ കെട്ടിവെച്ചതിന് കോൺഗ്രസ് മാപ്പ് പറയണം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ പൊതുവേദിയിൽ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ പാലക്കാട് എത്തിച്ചത് ഷാഫി പറമ്പിലാണെന്നും, ഷാഫിയെ ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരെയും പ്രതിഷേധമുണ്ടാകുമെന്ന് കൃഷ്ണദാസ് അറിയിച്ചു. കൃഷ്ണകുമാർ ജനപ്രതിനിധിയല്ലാത്തതുകൊണ്ടുള്ള വ്യത്യാസം പ്രതിഷേധത്തിൽ ഉണ്ടാകും. ഇവരൊന്നും മാന്യന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ് എസ് ബോംബിന്റെ നിർമ്മാതാക്കളാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അവരുടെ നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Exit mobile version